ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രതിഫലം നല്‍കിയില്ലെന്ന നടന് ബാലയുടെ ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്. സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം നല്കി. ചിത്രത്തിലെ ഛായാഗ്രാഹകന്‍ ഏഴ് ലക്ഷം രൂപയാണ് നല്‍കിയത്. ബാല ഇരുപത് ദിവസം ചിത്രത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഇതിനായി രണ്ട് ലക്ഷം രൂപ നല്കി. ബാലയ്ക്ക് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. പണം നല്‍കിയതിന്റെ രേഖകള്‍ ഉണ്ണി മുകുന്ദന് മാധ്യമങ്ങള്‍ക്ക് നല്കി.
ബാല തന്റെ അടുത്ത സുഹൃത്താണ്. ഈ നിമിഷം വരെ താന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. ബാല സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ താന്‍ അഭിനയിക്കുകയും അതിന് പ്രതിഫലം വാങ്ങാതിരിക്കുകയും ചെയ്തിട്ടുണ്ട്. അത് സൗഹൃദത്തിന്റെ ഭാഗമാണ്. ഷെഫീക്കിന്റെ പ്രൊഡക്ഷന്‍ തുടങ്ങിയപ്പോള്‍ തന്നെ ബാല ഇതില്‍ വരണമെന്ന് തനിക്ക് താത്പര്യമുണ്ടായിരുന്നു. സംവിധായകന്റെ വിയോജിപ്പ് മറികടന്നാണ് ബാല അതില്‍ എത്തിയത്. ബാലയ്ക്ക് ഒരു ബ്രേക്ക് ലഭിക്കുമെന്ന് കരുതിയായിരുന്നു അതെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. ചിത്രത്തിന്റെ നിര്‍മാതാവായ ഉണ്ണി മുകുന്ദന് തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസമായിരുന്നു ബാല രംഗത്തെത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് രംഗത്തെത്തി. പ്രതിഫലം വേണ്ടെന്നു പറഞ്ഞാണ് ബാല ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതെന്നും എന്നാല്‍ രണ്ടു ലക്ഷം രൂപ ബാലയ്ക്ക് പ്രതിഫലമായി നല്‍കിയിരുന്നെന്നും വിനോദ് പറഞ്ഞിരുന്നു.