ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു വിക്രമാദിത്യന്. ലാല്‍ ജോസായിരുന്നു ചിത്രത്തിന്റെ സംവിധായകന്. 2014ല്‍ ആയിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ വിക്രമാദിത്യന് സെറ്റിലെ രസകരമായ സംഭവം ഓര്‍ത്തെടുക്കുകയാണ് ഉണ്ണി മുകുന്ദന്. സിനിമ ഡാഡിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഉണ്ണി മുകുന്ദന് മനസുതുറന്നത്.
ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ അവതാരക പറഞ്ഞപ്പോഴായിരുന്നു ഉണ്ണി മുകുന്ദന് വിക്രമാദിത്യനിലെ ഫൈറ്റ് സീക്വന്‍സിനെക്കുറിച്ച് പറഞ്ഞത്. ദുല്‍ഖറിന്റേത് ശക്തിയുള്ള കൈകളാണെന്നും തന്റെ കൈക്ക് ഇടി കിട്ടിയപ്പോള്‍ വേദനിച്ചുവെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. തലങ്ങും വിലങ്ങുമായിരുന്നു ഇടി. ഇതോടെ താന്‍ കൈ ടൈറ്റാക്കി. അടുത്ത ഇടിക്ക് ദുല്‍ഖറിന് വേദനിച്ചു. കയ്യൊക്കെ ചുവന്നു. ‘ഇതെന്താ എനിക്ക് പെട്ട് വേദനിക്കുന്നേ, ഞാനല്ലേ നിന്നെ ഇടിക്കുന്നത്’ എന്നാണ് ദുല്‍ഖര്‍ ചോദിച്ചത്. കൈ ടൈറ്റാക്കി പിടിച്ചെന്ന് താന്‍ പറഞ്ഞു. ലൂസാക്കുമ്പോള് തനിക്ക് വേദനിക്കുന്നുണ്ട്, അതുകൊണ്ടാണ് വേദനിച്ചതെന്നും പറഞ്ഞു. വിക്രമാദിത്യന് മനോഹരമായ സിനിമയായിരുന്നുവെന്നും ഒരുപാട് രസകരമായ അനുഭവങ്ങള്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
ഷെഫീഖിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം നവംബര്‍ 25നായിരുന്നു തീയറ്ററുകളില്‍ എത്തിയത്. ബാല, ആത്മീയ രാജന്, ദിവ്യ പിള്ള, മനോജ് കെ.ജയന്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.