തമിഴ് സൂപ്പര്‍ താരം വിജയ് വോട്ടു ചെയ്യാന്‍ സൈക്കിളില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനായിരുന്നു ആ സംഭവം. ഇന്ധന വില ഉയര്‍ന്നിരിക്കുന്ന സമയത്ത് വിജയിയുടെ പ്രതിഷേധമായിരുന്നു സൈക്കിള്‍ യാത്രയെന്നായിരുന്നു അന്ന് പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ അതിന് പ്രതിഷേധത്തിന്റെ സ്വഭാവമില്ലെന്നായിരുന്നു വിജയ് അന്ന് പ്രതികരിച്ചത്. ഇപ്പോഴിതാ ആ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് വിജയ്. ബീസ്റ്റ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നെല്‍സണ്‍ ദിലീപ്കുമാറുമായി സംസാരിച്ചപ്പോഴാണ് വിജയ് അക്കാര്യം പറഞ്ഞത്.
വീട്ടില്‍ നാല് കാര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സൈക്കിളില്‍ പോയതെന്നായിരുന്നു നെല്‍സണിന്റെ ചോദ്യം. പോളിംഗ് സ്റ്റേഷന് വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിള്‍ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നുമായിരുന്നു താരം നല്കിയ മറുപടി. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊക്കെ കണ്ടു. ഇങ്ങനെയും ഒരു കാരണം അതിന് ഉണ്ടായിരുന്നോ എന്ന് താനും ചിന്തിച്ചുപോയി. മറ്റൊരു കാര്യമാണ് എടുത്തുപറയേണ്ടത്. താന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകന് ഫോണ്‍ വിളിച്ചു. അതാണ് രസകരമെന്നും വിജയ് പറഞ്ഞു.
വാര്‍ത്തകള്‍ കണ്ടെന്നും അവന്റെ സൈക്കിളിന് കുഴപ്പമൊന്നുമില്ലല്ലോ എന്നുമാണ് മകന് ചോദിച്ചതെന്ന് വിജയ് പറഞ്ഞു. താന്‍ മുഴുവനായി വീട്ടില്‍ തിരിച്ചുവന്നത് തന്നെ വലിയ കാര്യമെന്നായിരുന്നു കൊടുത്ത മറുപടിയെന്നും വിജയ് ചിരിച്ചുകൊണ്ട് പറഞ്ഞു.