തന്റെ നിലപാടുകൾ സമൂഹത്തിനോട് തുറന്നു പറയുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും നടത്താത്ത താരമാണ് ദളപതി വിജയ്. ഇപ്പോഴിതാ തന്റെ വോട്ട് രേഖപ്പെടുത്തുവാൻ സൈക്കിൾ ചവിട്ടി പോളിംഗ് ബൂത്തിലേക്കെത്തിയ വിജയ്യുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. പച്ച നിറത്തിലുള്ള ഷർട്ടും ഫേസ് മാസ്കും ധരിച്ച് വീട്ടിൽ നിന്നും ചെന്നൈ നീലാങ്കരൈയിലുള്ള പോളിംഗ് ബൂത്തിലേക്ക് രാവിലെ തന്നെയാണ് താരം സൈക്കിളിൽ വോട്ട് ചെയ്യാൻ ഇറങ്ങിത്തിരിച്ചത്. ആരാധകർ ചുറ്റലും കൂടിയതിനാൽ പോലീസും സുരക്ഷക്ക് എത്തിയിരുന്നു. ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിൾ ചവിട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയത് എന്നാണ് റിപ്പോർട്ട്.
നടൻ അജിത്ത്, ഭാര്യയും അഭിനേത്രിയുമായ ശാലിനി, രജനികാന്ത്, കമലഹാസൻ, സൂര്യ, കാർത്തി തുടങ്ങിയ സെലിബ്രിറ്റികളും അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.