മലയാള സിനിമാലോകത്ത് ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് നടൻ വിജിലേഷ്. വരത്തൻ എന്ന സിനിമയിലെ വിജിലേഷിന്റെ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ശ്രീനാഥ് ഭാസി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ അച്ഛനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. അച്ഛന്റെ പലചരക്ക് കടയിൽ എത്തിയാണ് അച്ഛനൊപ്പമുള്ള ചിത്രം വിജിലേഷ് പകർത്തിയത്. ആ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. ‘അച്ഛന്റെ കടയിൽ അച്ഛനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിജിലേഷ് ചിത്രം പങ്കുവെച്ചത്.
നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്. എവിടെയാണ് ഈ കട എന്നായിരുന്നു ഭൂരിഭാഗം പേർക്കും അറിയേണ്ടിയിരുന്നത്. ‘ഒരു ദിവസം അങ്ങോട്ടു വരുന്നുണ്ട് വിജിലിഷേട്ടാ’, ‘എവിടെയാ കട’, ‘അച്ഛന്റെ ജോലിയോടുള്ള ബഹുമാനം’, ‘ഇതെവിടെയാ കട?’, ‘മോൾ സുഖമായിരിക്കുന്നോ?’, ‘കട എവിടെയാണ് ബ്രോ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഈ വർഷം ജനുവരി നാലിന് ആയിരുന്നു താൻ അച്ഛനായ വിവരം വിജിലേഷ് പങ്കുവെച്ചത്. കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസ് ആയിരുന്നു ഭാര്യ. ഏദൻ എന്നാണ് മകന്റെ പേര്. സണ്ണി വെയിൻ – അലൻസിയാർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ‘അപ്പൻ’ എന്ന ചിത്രമാണ് വിജിലേഷ് അഭിനയിച്ച് പുറത്തു വരാനിരിക്കുന്ന ചിത്രം. ‘അപ്പൻ’ ഒടിടിയിലാണ് റിലീസിന് എത്തുന്നത്. സൈജു കുറുപ്പ് നായകനായി എത്തിയ ‘ഉപചാരപൂർവം ഗുണ്ടജയൻ’ ആയിരുന്നു നടന്റെ ഒടുവിൽ റിലീസായ ചിത്രങ്ങളിൽ ഒന്ന്.