കാതൽ കൺമണി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിക്രം അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കാര്യമായ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. എന്നാൽ, മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ധ്രുവം എന്ന സിനിമയിൽ വിക്രം ഒരു പ്രധാനവേഷത്തിൽ എത്തി. ഭദ്രൻ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന സിനിമയാണ് വിക്രമിന്റേതായി റിലീസ് ആകാനിരിക്കുന്ന അടുത്ത സിനിമ. പൊന്നിയിൻ സെൽവൻ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് ‘ധ്രുവം’ സിനിമയ്ക്കായി കേരളത്തിൽ വന്ന ഓർമകൾ വിക്രം പങ്കുവെച്ചത്.
ധ്രുവത്തിൽ അഭിനയിക്കുന്ന കാലത്ത് മമ്മൂട്ടി താമസിച്ചിരുന്ന പങ്കജ് എന്ന ഹോട്ടലിൽ എന്നെങ്കിലും ഒരിക്കൽ താമസിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്ന് വിക്രം വ്യക്തമാക്കി. സിനിമയിൽ ചെറിയ റോൾ ചെയ്യാനാണ് തിരുവനന്തപുരത്ത് വന്നത്. ഒരു ചെറിയ ലോഡ്ജിലായിരുന്നു അന്ന് താമസിച്ചിരുന്നത്. ഇന്ന് താമസിക്കുന്നത് അതിനേക്കാൾ സൗകര്യമുള്ള ഹോട്ടലിലാണെന്നും വിക്രം പറഞ്ഞു. അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും വിക്രം പറഞ്ഞു.
ഇന്നും ആ ലോഡ്ജ് ഇവിടെയുണ്ടെന്നും ഭാര്യയെയും കുടുംബത്തെയും ഒരിക്കൽ കൊണ്ടുപോയി ആ ലോഡ്ജ് കാണിച്ചു കൊടുത്തിട്ടുണ്ടെന്നും വിക്രം പറഞ്ഞു. തനിക്ക് തിരുവനന്തപുരം വലിയ ഓർമകളാണെന്നും വിക്രം പറഞ്ഞു. തമിഴ് മാസികയിൽ ചിത്രം കണ്ടാണ് ധ്രുവം സിനിമയിലേക്ക് ജോഷി സാർ വിളിച്ചതെന്നും തിരുവനന്തപുരത്ത് എത്തിയപ്പോൾ ഒരു ഉന്തുവണ്ടിക്കാരൻ മാത്രമാണ് തന്നെ തിരിച്ചറിഞ്ഞതെന്നും വിക്രം പറഞ്ഞു. മലയാളത്തിൽ അധികം അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾ തന്റെ സിനിമയ്ക്ക് തരുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും വിക്രം പറഞ്ഞു.