മുഖ്യമന്ത്രി പിണറായി വിജയൻ അടിപൊളിയാണെന്ന് നടൻ വിനായകൻ. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വിനായകൻ ഇങ്ങനെ പറഞ്ഞത്. വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടന്ന പ്രതിഷേധം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത് ആയിരുന്നുവെന്നും വിനായകൻ പറഞ്ഞു. വിമാനത്തിൽ വെച്ച് ഒരു പ്രതിഷേധം മോശം പ്രവണതയാണ്. അവർ അഞ്ചോളം ആളുകൾ ഉണ്ടായിരുന്നു. അവർ മുഖ്യമന്ത്രിയെ കയറി ആക്രമിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു വിനായകൻ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അടിപൊളി മുഖ്യമന്ത്രിയാണെന്നും വിനായകൻ പറഞ്ഞു. ഒരു ഫ്ലൈറ്റിന് അകത്ത് കയറി ഒച്ച ഉണ്ടാക്കുന്നത് മോശമാണ്. മുകളിൽ കൂടെ പറക്കുന്ന സംഭവമല്ലേ? ഇടയ്ക്ക് പിടിച്ചു നിർത്താൻ ഒന്നും പറ്റില്ലല്ലോ. രണ്ടുപേരല്ലേ ഉള്ളു. സഖാവും മറ്റേ സഖാവും മാത്രമേയുള്ളു. ഇടിച്ചിടാൻ വലിയ സമയം വേണമോയെന്നും അവർ കയറി ഇടിച്ചാലോയെന്നും വിനായകൻ ചോദിച്ചു. പത്തുപേർ കയറി മുഖ്യമന്ത്രിയെ അങ്ങ് തട്ടിക്കളഞ്ഞാലോ. അത് മോശമാണെന്നും വിനായകൻ പറഞ്ഞു.
പ്രതിപക്ഷത്തിന് എന്തും പറയാമെന്നും അങ്ങനെ തളരുന്ന സഖാവല്ല മുഖ്യമന്ത്രി പിണറായി വിജയൻ എന്നും വിനായകൻ പറഞ്ഞു. പന്ത്രണ്ട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. കറുപ്പിൽ ഒന്നും കാര്യമില്ലെന്നും വിനായകൻ പറഞ്ഞു. കറുപ്പ് കണ്ടാൽ പ്രശ്നം ആയിരുന്നെങ്കിൽ താനൊക്കെ വെള്ള അടിച്ച് നടക്കേണ്ടി വരുമായിരുന്നു. അദ്ദേഹത്തിന് അത്തരം ഒരു എതിർപ്പും ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വിനായകൻ പറഞ്ഞു.