ആരാധകർക്ക് എതിരെ രൂക്ഷവിമർശനവുമായി നടൻ വിനായകൻ. ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തിൽ എത്തിയപ്പോൾ ആണ് നടൻ വിനായകൻ ഇങ്ങനെ പറഞ്ഞത്. ഫാൻസ് വിചാരിച്ചാൽ ഒരു സിനിമയെ ജയിപ്പിക്കാനോ തോൽപിക്കാനോ കഴിയില്ലെന്നും ഫാൻസ് എന്ന പൊട്ടൻമാർ വിചാരിച്ചതു കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും വിനായകൻ പറഞ്ഞു. അതിന്റെ വലിയ ഉദാഹരണം താൻ പറയാമെന്നും വിനായകൻ പറഞ്ഞു. ‘ഇവിടുത്തെ ഒരു മഹാനടന്റെ പടം ഇറങ്ങി നാല് മണിക്കൂർ കഴിഞ്ഞ് ഞാൻ കണ്ടതാണ് ഒന്നരക്കോടി. അന്വേഷിച്ച് ചെന്നപ്പോൾ പടം തുടങ്ങിയത് 12.30 മണിക്കാണ്. ഒന്നരയ്ക്ക് ഇന്റർവെൽ ആയപ്പോൾ ആൾക്കാർ എഴുന്നേറ്റ് ഓടി. അതാണ് ഈ പറഞ്ഞ ഒന്നരക്കോടി. ഒരു പൊട്ടനും ആ പടം കാണാൻ ഉണ്ടായിട്ടില്ല’ – വിനായകൻ പറഞ്ഞു.
ഫാൻസ് വിചാരിച്ചതു കൊണ്ട് ഒരു സിനിമയും നന്നാകാൻ പോണില്ല. ഒരു സിനിമയും മോശമാകാനും പോണില്ല. ഫാൻസ് ഷോ നിരോധിക്കണമെന്ന തിയറ്റർ ഉടമകളുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഫാൻസിനെ നിരോധിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫാൻസ് എന്ന് പറഞ്ഞാൽ ജോലിയില്ലാത്ത തെണ്ടികൾ എന്നാണ് അർത്ഥമെന്നും വിനായകൻ പറഞ്ഞു. ഫാൻസിനെക്കുറിച്ചുള്ള വിനായകന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നതുണ്ട്.
താൻ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും ഏതെങ്കിലും ഒരുത്തിന് കൊള്ളാൻ വേണ്ടിയാണ് ഇടുന്നതെന്നും അതു കഴിഞ്ഞാൽ താൻ ആ പോസ്റ്റ് കളയുമെന്നും വിനായകൻ വ്യക്തമാക്കി. വിമർശനം ആണ് താൻ ഇടുന്നതെന്നും അവർ അത് ഏറ്റെടുത്താൽ താൻ അത് മാറ്റുമെന്നും വിനായകൻ വ്യക്തമാക്കി. മാന്യന്മാരെന്ന് നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അതിന്റെ പേരിൽ സിനിമാജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ലെന്നും വിനായകൻ പറഞ്ഞു. ‘വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകൾ വ്യക്തമാക്കുന്നത്.’ – വിനായകൻ പറഞ്ഞു. കെ പി എ സി ലളിത അവസാനമായി അഭിനയിച്ച ചിത്രമാണ് ഒരുത്തീ. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.