നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ വില്ലനായി എത്തിയത് ബോളിവുഡ് താരം വിവേക് ഒബ്റോയി ആയിരുന്നു. ലൂസിഫർ എന്ന ചിത്രത്തിനു ശേഷം വിവേക് വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്. ലൂസിഫറിൽ വിവേകിന് ശബ്ദം നൽകിയത് നടൻ വിനീത് ആയിരുന്നു. ‘കടുവ’യിലും വിനീത് തന്നെയാണ് വിവേക് ഒബ്റോയിക്ക് ശബ്ദം നൽകിയിരിക്കുന്നത്. ലൂസിഫറിലെ ബോബിയെ ശബ്ദം കൊണ്ട് ഗംഭീരമാക്കിയ വിനീതിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. കടുവയിൽ ഐജി ജോസഫ് ചാണ്ടിയെന്ന കഥാപാത്രമായാണ് വിവേക് ഒബ്റോയി എത്തിയത്. ജോസഫ് ചാണ്ടിയെ എല്ലാ തികവോടെയും വിവേക് ഒബ്റോയി അവതരിപ്പിച്ചപ്പോൾ വിനീതിന്റെ ശബ്ദം അതിനു മാറ്റുകൂട്ടി.
നടിയും പൃഥ്വിരാജ് സുകുമാരന്റെ അമ്മയുമായ മല്ലിക സുകുമാരനും ശബ്ദസാന്നിധ്യമായി ചിത്രത്തിലുണ്ട്. ചിത്രത്തിൽ സീമ അവതരിപ്പിച്ച കഥാപാത്രത്തിനാണ് മല്ലിക സുകുമാരൻ ശബ്ദം നൽകിയത്. ചിത്രത്തിൽ ജോസഫ് ചാണ്ടിയുടെ അമ്മ കഥാപാത്രമായ തിരുത ചേട്ടത്തിയായി എത്തിയത് സീമ ആയിരുന്നു. സീമക്ക് ശബ്ദം നല്‍കിയത് മല്ലിക സുകുമാരനും. സിനിമയില്‍ വളരെ ശക്തയായ ഒരു സ്ത്രീകഥാപാത്രമാണ് തിരുത ചേട്ടത്തിയുടേത്. അതുകൊണ്ടു തന്നെ മല്ലിക സുകുമാരൻ ശബ്ദം കൊണ്ട് ആ കഥാപാത്രം ഗംഭീരമാക്കുകയും ചെയ്തു.
തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ കടുവയ്ക്ക് ലഭിച്ചത്. പാലായിലെ പ്രമാണിയായ കടുവക്കുന്നില്‍ കുര്യച്ചന്റെ കഥയാണ് ചിത്രം പറയുന്നത്. വിവേക് ഒബ്റോയ്, സംയുക്ത മേനോന്, അലന്‍സിയര്‍, ബൈജു, ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.