മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് വിനോദ് കോവൂര്‍. മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്ന എം80 മൂസ എന്ന പരമ്പരയിലൂടെയാണ് വിനോദ് കോവൂര്‍ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം മിനിസ്ക്രീനിലും സിനിമയിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് വിനോദ് കോവൂര്‍ ജീവന് നല്കി. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനോദ് കോവൂര്‍. മഴവില്‍ മനോരമയില്‍ ജഗദീഷ് അവതരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഗെയിം ഷോയില്‍ എത്തിയപ്പോഴാണ് വിനോദ് കോവൂര്‍ വിശേഷങ്ങള്‍ പങ്കുവച്ചത്.
അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും തന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം എന്ന് വിനോദ് പറയുന്നു. അച്ഛന് നേരത്തെ മരിച്ചിരുന്നു. അമ്മ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പോയത്. തനിക്കും ഭാര്യയ്ക്കും മക്കളില്ല. ഭാര്യയാണ് എന്റെ മകളെന്നും വിനോദ് കോവൂര്‍ പറയുന്നു. ഭാര്യയെ നാല് തവണ വിവാഹം കഴിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നായിരുന്നു തന്റെ ആഗ്രഹം. തുളസി മാല കഴുത്തിലിട്ട് വിവാഹം ചെയ്യണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യാണത്തിന്റെ സമയമായപ്പോള്‍ അത് നടന്നില്ല. ഭാര്യ വീട്ടില്‍വച്ചായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് പതിനേഴ് കൊല്ലം കഴിഞ്ഞ്, പതിനെട്ടാമത്തെ വിവാഹ വാര്‍ഷികത്തിന് ഒരു മാസം മുന്‍പ് തങ്ങള്‍ മൂകാംബികയില്‍ പോയാപ്പോള്‍ ഒരു ജോത്സ്യനെ കണ്ടു. എവിടെ വച്ചായിരുന്നു വിവാഹം എന്ന് ചോദിച്ചു. ഭാര്യ വിട്ടില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍, മറ്റെവിടെയെങ്കിലും വച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചു. ഗുരുവായൂരിലെ കാര്യം പറഞ്ഞപ്പോള്‍ എങ്കില്‍ ഒരിക്കല്‍ കൂടി വിവാഹം കഴിക്കാനായിരുന്നു നിര്‍ദേശം. അങ്ങനെ ഗുരുവായൂരില്‍ വച്ച് വിവാഹം നടന്നു. പിന്നീട് മൂകാംബികയില്‍ വച്ചും ചോറ്റാനിക്കരയില്‍ വച്ചും മൂന്നാമത്തെയും നാലാമത്തെയും വിവാഹം നടന്നുവെന്നും വിനോദ് കോവൂര്‍ പറയുന്നു.