ലൈംഗിക പീഡനക്കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി യു. വി കുര്യാക്കോസ്. കേസെടുത്തതിന് പിന്നാലെ താരം ഒളിവില്‍ പോയതായാണ് ഡിസിപി പറയുന്നത്. അതേസമയം, താന്‍ ഒളിവിലല്ലെന്നും ദുബായിലാണെന്നുമാണ് വിജയ് ബാബു പറയുന്നത്.
കഴിഞ്ഞ ദിവസമാണ് വിജയ് ബാബുവിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തത്. വിജയ് ബാബു ബലാത്സംഗം ചെയ്തതായാണ് പരാതിക്കാരിയുടെ ആരോപണം. ഇതിനിടെ ഫേസ്ബുക്ക് ലൈവില്‍ പരാതിക്കാരിയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തി വിജയ് ബാബു രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ മറ്റൊരു കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവിന് പിന്നാലെ വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെ വിജയ് ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി രംഗത്തെത്തി. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ പ്രവൃത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കുറച്ച് വര്‍ഷങ്ങളായി തനിക്ക് വിജയ് ബാബുവിനെ അറിയാമെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിക്കാരി കുറിച്ചു. സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് അദ്ദേഹം തന്റെ വിശ്വാസം നേടിയെടുത്തു. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി. അതിന്റെ മറവില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതിയെന്നും യുവതി ആരോപിച്ചിരുന്നു.