മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് നടി ഐശ്വര്യ ഭാസ്കർ. പ്രജ, നരസിംഹം എന്നീ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി എത്തിയ നടിയാണ് ഐശ്വര്യ. തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടേറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഐശ്വര്യ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ഐശ്വര്യ. ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്നും വ്യക്തമാക്കുകയാണ് ഐശ്വര്യ.
തനിക്ക് ജോലിയില്ലെന്നും സാമ്പത്തികമായി ഒന്നുമില്ലെന്നും തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും ഐശ്വര്യ തുറന്നു പറഞ്ഞു. തനിക്ക് കടങ്ങളില്ല. മകൾ വിവാഹം കഴിഞ്ഞ് പോയെന്നും തന്റെ കുടുംബത്തിൽ താൻ മാത്രമേയുള്ളൂവെന്നും ഐശ്വര്യ വ്യക്തമാക്കി. ഒരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി നൽകിയാൽ അതും ഞാൻ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തിരിച്ചു പോകുമെന്നും ഐശ്വര്യ പറഞ്ഞു. അതേസമയം, സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറഞ്ഞു.
1994 ൽ ആയിരുന്നു തൻവീർ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. മൂന്നു വർഷത്തിനു ശേഷം അവർ വിവാഹമോചിതയാകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയെന്നും കുഞ്ഞിന് ഒന്നരവയസ് ആയപ്പോഴേക്കും ബന്ധം പിരിഞ്ഞെന്നും ഐശ്വര്യ വ്യക്തമാക്കി. വിവാഹമോചനത്തിനു ശേഷം പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ശരിയായില്ലെന്നും അവർ പറഞ്ഞു. അമിത ഉത്കണ്ഠ മുതലായ മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ചികിത്സ തേടുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. സുഹൃത്തുക്കളുടെ പിന്തുണയും യോഗയും തനിക്ക് വലിയ ആശ്വാസം നൽകുന്നുവെന്നും മരുന്ന് ഇപ്പോൾ സ്ഥിരമായി കഴിക്കാറില്ലെന്നും ഐശ്വര്യ പറഞ്ഞു.