സിനിമയുടെ പ്രമോഷനുമായി സംഘടിപ്പിച്ച പ്രസ് മീറ്റിനിടെ വിങ്ങിപ്പൊട്ടി നടി ഐശ്വര്യ ലക്ഷ്മി. ഗാർഗി എന്ന സിനിമയുടെ പ്രസ് മീറ്റിലാണ് ഐശ്വര്യ ലക്ഷ്മി വിങ്ങിപ്പൊട്ടിയത്. സായ് പല്ലവിയെ നായികയാക്കി ഗൗതം രാമചന്ദ്രൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാർഗി. ജൂലൈ പതിനഞ്ചിനാണ് ചിത്രം റിലീസിന് എത്തുന്നത്. സ്ത്രീ പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രം.
ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മൈക്കിന് മുന്നിലേക്ക് സംസാരിക്കാനായി എത്തിയ ഐശ്വര്യ ലക്ഷ്മി പെട്ടെന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു. ഇതു കണ്ട ഉടൻ വേദിയിൽ ഉണ്ടായിരുന്നു നടി സായി പല്ലവി ഐശ്വര്യയെ ആശ്വസിപ്പിക്കാനായി ഓടിയെത്തി. ഇതിനിടയിൽ ഇത് ആനന്ദ കണ്ണുനീരാണെന്ന് സായ് പല്ലവി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് ആശങ്കയോടെ നിന്നപ്പോൾ തനിക്ക് ചില സുഹൃത്തുക്കളാണ് ആവശ്യമായ പിന്തുണ നൽകിയതെന്നും അതിൽ ഒന്നാമത്തെയാൾ ഐശ്വര്യ ലക്ഷ്മി ആയിരുന്നെന്നും ഗൗതം രാമചന്ദ്രൻ പറഞ്ഞു. അവൾ ഇല്ലെങ്കിൽ ഈ സിനിമ ഇത്രയും ധൈര്യത്തോടെ ചെയ്തു തീർക്കാൻ തനിക്ക് കഴിയില്ലായിരുന്നെന്നും ഇനി കരയരുതെന്നും ഗൗതം രാമചന്ദ്രൻ പറഞ്ഞു.
അതേസമയം, ഈ ദിവസം തനിക്ക് ഏറെ വൈകരികമായ ദിനമാണെന്ന് ആണ് ഐശ്വര്യ പറഞ്ഞത്. ‘ഇന്നത്തേത് ഏറെ വൈകാരികമായ ദിനമാണ്. മൂന്ന് വർഷത്തോളം നീണ്ട യാത്രയാണ് ഈ ചിത്രം. ഇത് പറഞ്ഞാൽ ഞാൻ കരയുമെന്നാണ്’ തോന്നുന്നത് എന്ന് പറഞ്ഞ് ഐശ്വര്യ വിങ്ങിപ്പൊട്ടുകയായിരുന്നു. ഉടനെ ഐശ്വര്യയുടെ സമീപത്തേക്ക് എത്തിയ സായ് പല്ലവി, ഗൗതം രാമചന്ദ്രന് ഒപ്പം എല്ലാത്തിനും പിന്തുണയുമായി ഐശ്വര്യയുമുണ്ടായിരുന്നെന്നും വൈകാരികമായ പിന്തുണയും നൽകിയെന്നും അതുകൊണ്ട് തന്നെ ഐശ്വര്യയ്ക്ക് ഇതൊരു വൈകാരിക നിമിഷമാണെന്നും പറഞ്ഞു.