സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നചിത്രമായ പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായിയും. പഴവൂർ റാണിയായ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്. ചിത്രത്തിലെ ഐശ്വര്യയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. ചിത്രത്തിൽ ഇരട്ടവേഷമാണ് ഐശ്വര്യ റായിയുടേത്. 2018ൽ റിലീസ് ചെയ്ത ഫന്നെ ഖാൻ എന്ന ഹിന്ദി ചിത്രത്തിനു ശേഷം ഐശ്വര്യ അഭിനയിക്കുന്ന സിനിമ കൂടിയാണ് പൊന്നിയിൻ സെൽവൻ.
ഐശ്വര്യ അവസാനമായി അഭിനയിച്ച തമിഴ് സിനിമ എന്തിരൻ ആണ്. 2010ൽ എന്തിരൻ പുറത്തിറങ്ങി 12 വർഷത്തിനു ശേഷമാണ് വീണ്ടും ഒരു തമിഴ് ചിത്രത്തിൽ ഐശ്വര്യ അഭിനയിക്കുന്നത്. സെപ്തംബർ 30ന് പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യും. വിക്രം, കാർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ആദിത്യ കരികാലനായി എത്തുന്ന വിക്രമിന്റെയും വന്തിയ തേവൻ ആയി എത്തുന്ന കാർത്തിയുടെയും കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കുകൾ നേരത്തെ റിലീസ് ചെയ്തിരുന്നു.
‘പൊന്നിയിൻ സെൽവൻ’ എന്ന പേരിൽ കൽക്കി കൃഷ്ണമൂർത്തി എഴുതിയ തമഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 2400 പേജാണ് ഈ നോവലിനുള്ളത്. ചോള രാജാവ് ആയിരുന്ന അരുൾമൊഴി വർമനെ (രാജ രാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവൽ. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത് കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംഗീതം – എ ആർ റഹ്മാൻ, ഛായാഗ്രഹണം – രവി വര്മൻ. ഇളങ്കോ കുമാരവേലാണ് തിരക്കഥ. മണിരത്നവും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.