വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേരിടേണ്ടിവന്ന മോശം അനുഭവം പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. എല്ലാ സ്ത്രീകള്‍ക്കും മോശമായ സ്പര്‍ശം നേരിടേണ്ടിവന്നിട്ടുണ്ടാകാമെന്നും തനിക്കും അത്തരത്തില്‍ ഒരു അനുഭവമുണ്ടായിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഗാര്‍ഗി എന്ന സിനിമയുമായി ബന്ധപ്പെട്ട് ‘സിനിമ വികടന്’ നല്കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി തനിക്കുണ്ടായ മോശം അനുഭവം പറഞ്ഞത്.
മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്നമാണ്. ഇപ്പോഴും നമ്മള് അതിലൂടെ കടന്നുപോകുന്നു. ചെറുപ്പത്തില്‍ ഗുരുവായൂരില്‍വച്ച് അങ്ങനെ ഒരു സംഭവം ഉണ്ടായി. അന്ന് മഞ്ഞയില്‍ സ്ട്രോബറി പ്രിന്റുകള്‍ ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും സംഭവിക്കുമെന്ന് പിന്നീട് താന്‍ കരുതിയിരുന്നു. പക്ഷേ താന്‍ അതിനെ തരണം ചെയ്തു. ഇപ്പോള്‍ താന്‍ കൂടുതലായും ധരിക്കുന്നത് മഞ്ഞ നിറത്തിലുള്ള വസ്ത്രമാണെന്നും ഐശ്വര്യ പറഞ്ഞു.
അതിന് ശേഷം ഒരു സിനിമാ പ്രമോഷനിടയിലും മോശമായ അനുഭവമുണ്ടായി. ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ താന്‍ പ്രതികരിക്കും. ചെറിയ പ്രായത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇത്തരം പ്രശ്നങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന് തനിക്കറിയില്ല. ഗാര്‍ഗി പോലുള്ള ചിത്രങ്ങളില്‍ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവണമെന്നും ഐശ്വര്യ പറഞ്ഞു.