മായാനദി എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ഐശ്വര്യാ ലക്ഷ്മി. ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ടൊവിനോയായിരുന്നു ചിത്രത്തില്‍ ഐശ്വര്യയുടെ നായകന്. ഒരുപിടി മലയാള ചിത്രങ്ങള്‍ക്ക് ശേഷം തമിഴിലും ഐശ്വര്യ മുഖം കാണിച്ചു. വിശാലിന്റെ നായികയായി ആക്ഷന്‍, ധനുഷിന്റെ നായികയായി ജഗമേതന്തിരം എന്നീ ചിത്രങ്ങളിലും ഐശ്വര്യ വേഷമിട്ടു. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത അര്‍ച്ചന നോട്ടൗട്ടാണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ ജീവിതത്തിലുണ്ടായ രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. ആദ്യമായി ലഭിച്ച ലൗ ലെറ്ററിനെ കുറിച്ചും അച്ഛന് വിലക്കിയിട്ടും ഫോണ്‍ വാങ്ങിയ കഥയുമെല്ലാം പറയുകയാണ് ഐശ്വര്യ. കോളജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ലൗ ലെറ്റര്‍ കിട്ടിയതെന്ന് ഐശ്വര്യ പറയുന്നു. ലെറ്റര്‍ കിട്ടുന്നത് റൂംമേറ്റിന്റെ കൈയിലായിരുന്നു. ലെറ്ററില്‍ പഴമൊഴിയെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട്. അതെന്താണെന്ന് താന്‍ കൃത്യമായി ഓര്‍ക്കുന്നില്ല, പക്ഷേ പഴമൊഴി എന്നെഴുതിയത് പഴംപൊരി എന്നായിപ്പോയെന്നും ഐശ്വര്യ പറയുന്നു.
ആദ്യമായി ഫോണ്‍ വാങ്ങിയ കഥയും ഐശ്വര്യ പങ്കുവച്ചു. ഫോണ്‍ വാങ്ങണമെന്ന് അച്ഛനോട് പറഞ്ഞപ്പോള്‍ വാങ്ങിതരില്ലെന്ന് പറഞ്ഞു. വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഫോണ്‍ വാങ്ങിതരില്ലെന്നാണ് അച്ഛന് പറഞ്ഞത്, ഫോണ്‍ വാങ്ങരുതെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ അച്ഛന്റെ പോക്കറ്റില്‍ നിന്ന് കാശെടുത്ത് ഫോണ്‍ വാങ്ങിയെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.