ഇന്ത്യയുടെ രാഷ്ട്രപതി ആരെന്ന ചോദ്യത്തിന് നടി ആലിയ ഭട്ട് നൽകിയ മറുപടി വീണ്ടും വിവാദത്തിൽ. മിഡ്ഡേ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിവാദ പരാമർശങ്ങൾ. ഏതായാലും ആലിയയുടെ മറുപടി ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ പ്രസിഡന്റെ ആരാണെന്ന് അവതാരകൻ ചോദിച്ചപ്പോൾ തന്റെ സിനിമയിലെ പ്രൊഡക്ഷൻ ഡിസൈനർ ആരാണെന്ന് അറിയാമോയെന്ന് ആയിരുന്നു ആലിയ ഭട്ടിന്റെ തിരിച്ചുള്ള ചോദ്യം.
ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്ന് അവതാരകൻ ചോദിച്ചപ്പോൾ അതൊക്കെ മാറിയെന്നും മാഡം പ്രസിഡന്റാണ് ഇന്ത്യയുടെ പ്രസിഡന്റ് എന്നുമാണ് ആലിയ നൽകിയ മറുപടി. എന്തിനാണ് ഇതെല്ലാം അറിയുന്നതെന്നും തന്റെ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ ആരാണെന്ന് അറിയാമോയെന്നും ആയിരുന്നു ആലിയ തിരിച്ചു ചോദിച്ചത്. ഇതിനു മറുപടിയായി പ്രൊഡക്ഷൻ ഡിസൈനറിനെയും ഇന്ത്യൻ പ്രസിഡന്റിനെയുമാണോ താരതമ്യം ചെയ്യുന്നത് എന്നായി അവതാരകൻ.
അവതാരകന്റെ ഈ ചോദ്യത്തിനും കൃത്യമായ മറുപടി ഉണ്ടായിരുന്നു ആലിയ ഭട്ടിന്. ‘താങ്കൾ എന്റെ സിനിമ കണ്ടില്ലേ. പ്രൊഡക്ഷൻ ഡിസൈനർ ആരാണെന്ന് നോക്കാഞ്ഞതെന്താണ്? ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ അറിഞ്ഞിരിക്കണം. എന്നാൽ, നിങ്ങൾ കണ്ട എന്റ് സിനിമയിലെ പ്രൊഡക്ഷൻ ഡിസൈനറെ അറിയില്ലേ’ – ആലിയ ഭട്ട് ചോദിച്ചു. ഏതായാലും ആലിയയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. നേരത്തെ കരൺ ജോഹർ നടത്തുന്ന കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാൻ എന്ന ആലിയയുടെ മറുപടി ട്രോളുകൾക്ക് കാരണമായിരുന്നു.