നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ താരമാണ് അമല പോൾ. അതിനു ശേഷം നിരവധി മലയാള സിനിമകളുടെ ഭാഗമായ താരം തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചു. തെലുങ്കിൽ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി അമല പോൾ മാറിയിട്ടുണ്ടെങ്കിലും പിന്നീട് പതിയെ തെലുങ്ക് സിനിമാമേഖലയിൽ നിന്ന് താരം പിൻവലിഞ്ഞു. ഇപ്പോൾ അഭിനയത്തിന് പുറമേ നിർമാണത്തിലും അമല പോൾ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തന്റെ നിലപാടുകളിലൂടെയും അമല പോൾ ശ്രദ്ധേയയാകാറുണ്ട്.
മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് അമല പോൾ. എന്നാൽ, തെലുങ്കിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അമല പോൾ അഭിനയിച്ചിട്ടുള്ളത്. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് താൻ തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയതെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്. പതിനേഴാമത്തെ വയസിലാണ് ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ അമല പോൾ അഭിനയരംഗത്തേക്ക് എത്തിയത്. നീലത്താമരയിൽ ചെറിയ വേഷത്തിൽ ആയിരുന്നെങ്കിലും പിന്നീട് വന്ന തമിഴ് ചിത്രം മൈന വൻ വിജയമായി മാറിയിരുന്നു. ഇതോടെ അമലയുടെ കരിയർ പുതിയ വഴിത്തിരിവിലേക്ക് എത്തി. തൊട്ടടുത്ത വർഷം നാഗചൈതന്യ നായകനായി എത്തിയ ബേജാവ്ഡ എന്ന ചിത്രത്തിലൂടെ അമല തെലുങ്കിൽ എത്തി.
എന്നാൽ ഈ ചിത്രത്തിനു ശേഷം മൂന്നു തെലുങ്ക് സിനിമകളിൽ മാത്രമാണ് തെലുങ്കിൽ അമല അഭിനയിച്ചത്. രാം ചരൺ, അല്ലു അർജുൻ, നാനി എന്നിവരായിരുന്നു ഈ ചിത്രത്തിലെ നായകൻമാർ. എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നാലെ തെലുങ്ക് സിനിമയിൽ നിന്ന് അമല പോൾ വിട്ടു നിൽക്കുകയായിരുന്നു. തെലുങ്ക് സിനിമയിൽ കുടുംബം എന്നൊരു സംഭവമുണ്ടെന്ന് താൻ മനസിലാക്കുന്നത് തെലുങ്കിലേക്ക് വന്നപ്പോഴാണെന്ന് അമല പോൾ പറഞ്ഞു. ചില കുടുംബങ്ങളും അവരുടെ ആരാധകരുമാണ് തെലുങ്ക് ഇൻഡസ്ട്രി ഭരിക്കുന്നത്. അന്ന് അവരുണ്ടാക്കിയിരുന്ന സിനിമകൾ വ്യത്യസ്തമായിരുന്നു. എല്ലാ സിനിമയിലും രണ്ട് നായികമാർ ഉണ്ടാകുമെന്നും എന്നാൽ തങ്ങൾ പ്രണയരംഗങ്ങൾക്കും പാട്ടുകൾക്കും മാത്രമായിട്ടായിരിക്കുമെന്നും അമല വ്യക്തമാക്കുന്നു.