ചലച്ചിത്ര നടി അംബിക റാവു അന്തരിച്ചു. മലയാള സിനിമാരംഗത്ത് സഹനടിയായും സഹസംവിധായികയായും തന്റെ സാന്നിധ്യം അറിയിച്ച താരമായിരുന്നു അംബിക റാവു. 58 വയസ് ആയിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം.
വൈറസ്, കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവൻ, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടിയായി മാത്രമല്ല സഹസംവിധായികയായും തന്റെ കഴിവ് തെളിയിച്ച താരമാണ് അംബിക. തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായിക ആയിരുന്നു.
സിനിമാലോകത്തേക്ക് അംബിക എത്തിയത് അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണായുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. തൃശൂരിൽ ആയിരുന്നു താമസം. രാഹുൽ, സോഹൻ എന്നിവർ മക്കളാണ്.