മുന്‍ കാമുകനില്‍ നിന്നുണ്ടായ ക്രൂരപീഡനം പുറംലോകത്തെ അറിയിച്ച് തമിഴ് നടി അനിഖ വിക്രമന്. മര്‍ദനത്തില്‍ പരുക്കേറ്റതിന്റേയും കരുവാളിച്ചതിന്റേയും ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ വിവരിച്ചത്. ഷൂട്ടിംഗിന് പോകാതിരിക്കാന്‍ മുന്‍ കാമുകന് ഫോണ്‍ എറിഞ്ഞുടച്ചെന്നും തന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷിച്ചെന്നും അനിഖ ആരോപിച്ചു.
അനൂപ് പിള്ളയെന്നാണ് അനിഖയുടെ മുന്‍ കാമുകന്റെ പേര്. ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെന്നും നഷ്ടമായെന്ന് കരുതിയ ജീവിതം തിരിച്ചുപിടിച്ചെന്നും അനിഖ പറഞ്ഞു. അനൂപ് പിള്ള നിലവില്‍ ഒളിവിലാണ്. ഇയാള്‍ യുഎസിലുണ്ടെന്നാണ് അറിയുന്നത്. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാലാണ് ഇതെല്ലാം തുറന്നു പറഞ്ഞതെന്നും അനിഖ കൂട്ടിച്ചേര്‍ത്തു.
അയാള്‍ ഇതുപോലെ പെരുമാറുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്ന് അനിഖ പറയുന്നു. ആദ്യതവണ മര്‍ദിച്ച ശേഷം അയാള്‍ തന്റെ കാലില്‍ വീണ് കരഞ്ഞു. വിഡ്ഢിയായ താന്‍ മനസലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു. രണ്ടാം തവണയും അയാള്‍ ഉപദ്രവിച്ചു. പൊലീസുകാര്‍ക്ക് പണം നല്കി അയാള്‍ അത് ഒതുക്കി. പൊലീസുകാര്‍ കൂടെയുണ്ടെന്ന ധാര്ഷ്ട്യത്തില് അയാള്‍ ഉപദ്രവം തുടര്‍ന്നുവെന്നും ഒടുവില്‍ ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയെന്നും അനിഖ വ്യക്തമാക്കി.