മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി അന്ന ബെൻ. പതിനെട്ട് വർഷമായുള്ള ദുരവസ്ഥയ്ക്ക് പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അന്ന ബെന്നിന്റെ കത്ത്. പതിനെട്ട് വർഷമായിട്ടും വൈപ്പിൻ ബസുകൾ ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടി വരുന്ന ദുരവസ്ഥയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അന്ന ബെൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളത്. വൈപ്പിൻ ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് അന്നയുടെ കത്ത്.
സെന്റ് തെരേസാസിൽ വിദ്യാർത്ഥിയായിരുന്ന കാലം മുഴുവൻ ഈ ബുദ്ധിമുട്ട് താനും അനുഭവിച്ചതാണെന്നും അന്ന ഓർമിപ്പിക്കുന്നു. ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും നഗരത്തിലേക്ക് ബസ് വന്നിട്ടും വൈപ്പിൻ ബസുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാത്തതെന്നും അന്ന ബെൻ കത്തിൽ വ്യക്തമാക്കുന്നു. നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വൈപ്പിനിൽ നിന്നുള്ള സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകൾക്ക് ഈ സാഹചര്യം കൊണ്ടുണ്ടാകുന്ന അധികച്ചെലവ് താങ്ങാനാവാത്തതാണെന്നും കത്തിൽ അന്ന ബെൻ ഓർമിപ്പിക്കുന്നു.
ബസുകളുടെ നഗര പ്രവേശന കാര്യത്തിൽ വൈപ്പിൻ നിവാസികൾ നിരന്തര സമരത്തിലാണ്. വൈപ്പിൻ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്ന കാര്യത്തിൽ നാറ്റ്പാകിന്റെ പഠനറിപ്പോർട്ട് അനുകൂലമാണെന്ന് അറിയുന്നതായും കത്തിലുണ്ട്. സ്ഥാപിത താത്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയര്‍ത്തുന്ന നിയമത്തിന്റെ നൂലാമാലകള്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിവുള്ള മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
View this post on Instagram