ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് അന്‍ഷിത. അമ്മ എന്ന പരമ്പരയില്‍ പത്രപ്രവര്‍ത്തകയുടെ വേഷമാണ് അന്‍ഷിത ചെയ്തത്. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തകര്‍പ്പന്‍ കോമഡിയിലൂടെ അന്‍ഷിത മിനി സ്ക്രീനിലേക്ക് തിരികെയെത്തി. പിന്നീട് കൂടെവിടെ എന്ന പരമ്പരയിലെ സൂര്യ എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി അന്‍ഷിത.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷിത. സഹോദരന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിന്റെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി അന്‍ഷിത യൂട്യൂബില്‍ ഒരു വിഡിയോ പങ്കുവച്ചിരുന്നു. ഇതിന് താഴെവന്ന കമന്റുകളാണ് അന്‍ഷിത പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത്. എന്തിനും ഏതിനും നെഗറ്റീവ് കാണുന്നവരാണ് ഇക്കൂട്ടരെന്നും അന്‍ഷിത പറഞ്ഞു.
നൂലുകെട്ടിന്റെ വിഡിയോയില്‍ അന്‍ഷിത തന്റെ രണ്ടാനമ്മയെ പരിചയപ്പെടുത്തിയിരുന്നു. വാപ്പിയുടെ ഭാര്യ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അതോടെ രണ്ട് ഉമ്മമാരോ എന്നായി ചിലരുടെ ചോദ്യമെന്ന് അന്‍ഷിത പറയുന്നു. ബാക്കിയെല്ലാവരുമെന്താ കറുത്തിരിക്കുന്നേ, അന്‍സി മാത്രം വെളുത്തിരിക്കുന്നു തുടങ്ങിയ കമന്റുകളും വന്നു. മറ്റ് ചിലര്‍ക്ക് അറിയേണ്ടത് തന്റെ മതമായിരുന്നു. എല്ലാ മതക്കാരും വീട്ടിലുണ്ടോ എന്ന് ചോദിച്ചവരുമുണ്ടെന്നും അന്‍ഷിത പറഞ്ഞു.
താന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാപ്പിയും ഉമ്മിയും പിരിഞ്ഞു. തനിക്കൊരു സഹോദരനുണ്ട്. വാപ്പി വേറെ വിവാഹം കഴിച്ചു. ഉമ്മി പിന്നീട് വിവാഹം കഴിച്ചില്ല. ദുബായിലായിരുന്നു ഉമ്മിക്ക് ജോലി. ഇപ്പോള്‍ ഉമ്മി നാട്ടിലുണ്ടെന്നും അന്‍ഷിത പറഞ്ഞു.