രസകരമായ ചോദ്യങ്ങൾക്ക് അതിലും രസകരമായ ഉത്തരങ്ങൾ നൽകി ഒരു ഇന്റർവ്യൂ തന്നെ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് കള്ളനും ഭഗവതിയും സിനിമയിലെ താരങ്ങൾ. മാർച്ച് 31നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതിനു മുന്നോടിയായി പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. സിനിമ ഡാഡിക്ക് അനുവദിച്ച അഭിമുഖത്തിൽ വരാനിരിക്കുന്ന പ്രൊജക്ടുകളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും എല്ലാം കള്ളനും ഭഗവതിയും സിനിമയിലെ താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ, മോക്ഷ എന്നിവർ.
ഒരു സിനിമയുടെ രണ്ടാം ഭാഗം എടുത്ത് ഹിറ്റാക്കാൻ ആണെങ്കിൽ ഏത് സിനിമയുടെ രണ്ടാംഭാഗം എന്നായിരുന്നു അവതാരകയുടെ ചോദ്യം. അമർ അക്ബർ അന്തോണി എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ മറുപടി പറഞ്ഞപ്പോൾ സ്ഫടികം എന്നായിരുന്നു അനുശ്രീയുടെ മറുപടി. എന്നാൽ സ്ഫടികം സിനിമയിൽ മുഴുവനായി അഭിനയിക്കാൻ അല്ലെന്നും പാറമടയിലെ, ഏഴിമല പൂഞ്ചോല പാട്ടിൽ മാത്രം അഭിനയിക്കാൻ ആണ് ഇഷ്ടമെന്നും അനുശ്രീ വ്യക്തമാക്കി.
അതേസമയം, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അമർ അക്ബർ അന്തോണിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്ന് ആയിരുന്നു.