മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അപര്‍ണ ബാലമുരളി. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അപര്‍ണ വേഷമിട്ടു. സുരരൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നടി സ്വന്തമാക്കി. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ യാത്രകള്‍ക്കായി ബെന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് താരം.
ബെന്‍സിന്റെ കരുത്തന് മോഡലായ എ.എം.ജി ജി.എല്‍.എ 35 ആണ് താരം സ്വന്തമാക്കിയത്. വാഹനം വാങ്ങിയ കാര്യം അപര്‍ണ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 59.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. മെഴ്സിഡീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വിയാണ് ജിഎല്‍എ 35. കാഴ്ചയില്‍ ആകര്‍ഷണീയമാണ് വാഹനത്തിന്റെ ഡിസൈന്‍. എ.എം.ജി മോഡല്‍ സിഗ്നേച്ചര്‍ 15 വെര്‍ട്ടിക്കിള്‍ സ്ലാറ്റ് പാനമേരിക്കാന ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഹൈ പെര്‍ഫോമെന്‍സ് ഹെഡ്ലൈറ്റ്, വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ഈ മോഡലിനെ സ്റ്റൈലിഷാക്കുന്നത്.
മലയാളത്തില്‍ ഇനി ഉത്തരമാണ് അപര്ണയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. അപര്‍ണയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീഷ് രാമചന്ദ്രനാണ്. കലാഭവന്‍ ഷാജോണ്‍, ഹരീഷ് ഉത്തമന്, സിദ്ധാര്‍ത്ഥ് മേനോന്, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന് ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.