നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് കൂറുമാറി. 34ാം സാക്ഷിയായിരുന്ന കാവ്യ ചൊവ്വാഴ്ച പ്രോസിക്യൂഷന് വിസ്താരത്തിനിടയിലാണ് കൂറുമാറിയത്. വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന് കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.
ആക്രമിക്കപ്പെട്ട നടിയോട് കേസിലെ എട്ടാം പ്രതിയും കാവ്യയുടെ ഭര്‍ത്താവുമായ നടന് ദിലീപിന് ശത്രുതയുണ്ടെന്ന് സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ ക്യാമ്പ് നടന്ന ഹോട്ടലില്‍ വെച്ച് ദിലീപും നടിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുമുണ്ടായിരുന്നതായി നേരത്തെ മൊഴി ലഭിച്ചിരുന്നു.
കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്. 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായത്. ജൂലൈയില്‍ കേസിലെ മാപ്പു സാക്ഷിയായ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാവാത്തതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയില്‍ എത്തിച്ചത്.
വിചാരണയ്ക്കുള്ള സമയം അടുത്തമാസത്തോടെ അവസാനിക്കാനിരിക്കെ ഇനിയും ആറു മാസം സമയം വേണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്കിയപ്പോള് 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.