നമ്മൾ എന്ന സിനിമയിലെ പരിമളമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാവന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയിടെ ആയിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് താരം.
ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. ചിത്രം നിർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഗംഭീരസമ്മാനംനൽകിയിരിക്കുകയാണ് നവീനും ജയദേവും.
ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം. അജിത്തിന് ഒപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. പത്തു വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. പത്തു വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ദ ഡോർ എന്ന ചിത്രം.