ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ സർപ്രൈസ് അതിഥിയായി എത്തി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടന വേളയിലാണ് ഭാവന എത്തിയത്. ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ്. സദസ് ആരവങ്ങളോടെയും കൈയടികളോടെയുമാണ് ഭാവനയെ വേദിയിലേക്ക് വരവേറ്റത്.
‘ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന, ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ് പ്രതീകമായ ഭാവനയെ സ്നേഹാദ്രമായി ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു,’ എന്നായിരുന്നു ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് രഞ്ജിത്ത് പറഞ്ഞത്. ബീനാ പോളിന് ഒപ്പമാണ് ഭാവന സദസില്‍ എത്തിയത്.
കെ എസ് എഫ് ഡി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ ഷാജി എന്‍ കരുൺ ആണ് ഭാവനയ്ക്ക് പൂക്കള്‍ നല്കി സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ആണ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തത്. മലയാളത്തിൽ ഭാവനയെ നായികയാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചലച്ചിത്രമേളയിൽ താരത്തിന്റെ സർപ്രൈസ് വരവ് ഉണ്ടായത്.