മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. നിരവധി സിനിമകളിലൂടെ ഇഷ്ടതാരമായി മാറിയ ഭാവന കഴിഞ്ഞ കുറച്ചു കാലമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. കഴിഞ്ഞദിവസം ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഭാവന എത്തിയപ്പോൾ നടന്ന സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഉദ്ഘാടനത്തിന് എത്തിയ താരത്തെ കാണാൻ ദമ്പതികൾ തങ്ങളുടെ കൈക്കുഞ്ഞുമായി എത്തുകയായിരുന്നു. രണ്ടു മാസം പ്രായമായ കുഞ്ഞിന് ഭാവന പേരു വിളിക്കണം എന്നായിരുന്നു ദമ്പതികളുടെ ആവശ്യം. ‘സംവൃത’ എന്ന് കുഞ്ഞിന്റെ ചെവിയിൽ വിളിച്ച ഭാവന മൈക്കിലൂടെയെും പേര് പ്രഖ്യാപിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾ തന്നെയാണ് ഭാവനയോട് ‘സംവൃത’ എന്ന് പേരു വിളിക്കാൻ ആവശ്യപ്പെട്ടത്. സന്ദീപ് – സുമ ദമ്പതികളാണ് തങ്ങളുടെ കുഞ്ഞുമായി ഭാവനയുടെ അരികിൽ എത്തിയത്.
അതേസമയം, ഭാവന ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞയിടെ റിലീസ് ചെയ്തിരുന്നു, ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനയ്ക്കൊപ്പം ഷറഫുദ്ധീനും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. അരുണ്‍ റുഷ്ദിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാർ. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.