2014ല്‍ ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് ദര്‍ശന രാജേന്ദ്രന്. ആഷിക് അബു സംവിധാനം ചെയ്ത മായാദനദി എന്ന ചിത്രത്തിലെ ദര്‍ശന എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ദര്‍ശന ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വൈറസ്, സീയു സൂണ്‍, ഇരുള്, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധ നേടി. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹൃദയത്തിലെ കഥാപാത്രമാണ് ദര്‍ശനയെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ അടയാളപ്പെടുത്തിയത്. ടൊവിനോ നായകനായി എത്തിയ ഡിയര്‍ ഫ്രണ്ടാണ് ദര്‍ശനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
View this post on Instagram
കഴിഞ്ഞ ദിവസമായിരുന്നു ദര്‍ശനയുടെ 34-ാം പിറന്നാള്‍. നസ്രിയ നസീം, ബേസില്‍ ജോസഫ്, റോഷന് മാത്യു, അരുണ്‍ കുര്യന്, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേര് ദര്‍ശനയ്ക്ക് ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള രസകരമായ ഒരു വിഡിയോയാണ് ദര്‍ശന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. വര്‍ണകടലാസില്‍ പൊതിഞ്ഞൊരു ചക്കയാണ് കൂട്ടുകാര്‍ ദര്‍ശനയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. ‘ജയജയജയഹേ’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ദര്‍ശനയുടെ പിറന്നാള്‍ ആഘോഷം. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചിരിക്കുന്നത്. ‘ലോകത്തൊരു നടിക്കും ഇങ്ങനെയൊരു സമ്മാനം കിട്ടി കാണില്ല എന്നാണ് വിഡിയോക്ക് താഴെ വന്ന ഒരു കമന്റ്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് ദര്‍ശനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പല തവണകളിലായി റിലീസ് മാറ്റിവച്ച ചിത്രമാണ് തുറമുഖം. നിവിന്‍പോളിയാണ് ചിത്രത്തിലെ നായകന്. പൂര്‍ണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായാണ് ദര്‍ശന ചിത്രത്തില്‍ വേഷമിടുന്നത്.