തിയറ്ററിലും പിന്നീട് ഒ ടിടിയിൽ റിലീസ് ആയപ്പോഴും മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രമാണ് രോമാഞ്ചം. ചിത്രം തുടങ്ങുമ്പോൾ തന്നെ സ്ക്രീനിൽ കണ്ടു തുടങ്ങുന്ന കഥാപാത്രമാണ് സിസ്റ്റർ നയന. എന്നാൽ സിനിമയിലെ ഈ നഴ്സും ജൂനിയർ ഡോക്ടറായി എത്തുന്ന കഥാപാത്രവും ഭാര്യാഭർത്താക്കൻമാർ ആണെന്ന സത്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ജീവിത പങ്കാളികളായ ദീപികയും ഭര്‍ത്താവ് ശ്രീനാഥ് എരമവും ആണ് രോമാഞ്ചം സിനിമയിൽ യഥാക്രമം നയന നഴ്സും ജൂനിയർ ഡോക്ടറുമായി എത്തിയത്. ബോധം കെട്ട് ആശുപത്രിക്കിടക്കയില്‍ കഴിയുന്ന സൗബിന്റെ കഥാപാത്രത്തെ പരിചരിക്കാൻ എത്തുന്ന നയന സിസ്റ്റർ ആയാണ് യുവ നടി ദീപിക ദാസ് അഭിനയിച്ചത്.
വളരെ കുറച്ച് സമയം മാത്രമാണ് സിനിമയിൽ ദീപിക പ്രത്യക്ഷപ്പെടുന്നതെങ്കിലും സിനിമ കണ്ടിറങ്ങുമ്പോൾ ദീപികയുടെ കഥാപാത്രമായ നയനയും നമ്മുടെ ഒപ്പം പോരും. സിനിമയില്‍ സൗബിന് അവതരിപ്പിക്കുന്ന ജിബിന്‍ മാധവന് എന്ന കഥാപാത്രത്തെ പരിശോധിക്കാനായി എത്തുന്ന ഡോക്ടര്‍മാരുടെ സംഘത്തിലെ ജൂനിയര്‍ ഡോക്ടര്‍ തന്റെ ഭര്‍ത്താവ് ആണെന്ന് ദീപിക പറഞ്ഞു. സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പിലാണ് ദീപിക ഇക്കാര്യം അറിയിച്ചത്. ‘അങ്ങനെ നയനയും ജൂനിയർ ഡോക്ടറും ഒന്നിക്കുകയാണ് സൂർത്തുക്കളെ that junior doctor is my kettyon….’ എന്നാണ് ദീപിക ഫേസ്ബുക്കില്‍ കുറിച്ചത്.