തമിഴ് നടി ദിവ്യ ഭാരതി വഞ്ചിച്ചെന്ന പരാതിയുമായി യുട്യൂബർ ആനന്ദരാജ്. വിവാഹിതയായ ഇവർ അക്കാര്യം മറച്ചുവെച്ച് 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. നടി താനുമായി പ്രണയത്തിൽ ആയിരുന്നെന്നും എന്നാൽ വിവാഹിതയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് തന്നെ പ്രണയിച്ചതെന്നും ഇയാൾ ആരോപിച്ചു. നടിയെ താൻ സമീപിച്ചത് തന്റെ യുട്യൂബ് ചാനലിന്റെ പ്രമോഷന് വേണ്ടിയാണെന്നും അന്നു തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയായിരുന്നുവെന്നും ആനന്ദ് പറഞ്ഞു.
നടിയുമായുള്ള വിവാഹത്തിന് നടിയുടെ മാതാപിതാക്കളിൽ നിന്ന് താൻ അനുവാദം വാങ്ങിയിരുന്നെന്നും ആനന്ദ് പറഞ്ഞു. അതിനുശേഷം എല്ലാ മാസവും നടി തന്റെ പക്കൽ നിന്ന് 30,000 രൂപ വീതം എല്ലാ മാസവും ദിവ്യ ഭാരതി വാങ്ങിയിരുന്നെന്നും ആനന്ദിന്റെ പരാതിയിൽ പറയുന്നു. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞപ്പോൾ ഒഴിഞ്ഞു മാറിയെന്നും അതിന്റെ പേരിൽ തന്നോട് വഴക്കിട്ട് ദിവസങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തെന്നും പരാതിയിൽ ആനന്ദ് വ്യക്തമാക്കുന്നു.
പെട്ടെന്നൊരു ദിവസം ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒമ്പതുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും തുടർന്ന് പണവും തന്റെ പക്കലുള്ള എട്ട് പവനോളം സ്വർണവും നടിക്ക് താൻ നൽകിയെന്നും ആനന്ദ് പറഞ്ഞു. എന്നാൽ, വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് നടിയുടെ നാട്ടിൽ ചെന്ന് അവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും മനസിലായത്. ഇതുവരെ 30 ലക്ഷത്തോളം രൂപയും സ്വർണവും തന്റെ പക്കൽ നിന്ന് നടി തട്ടിയെടുത്തെന്നാണ് ആനന്ദിന്റെ പരാതി.