നടി ദുർഗ കൃഷ്ണ നായികയായി എത്തുന്ന ‘കുടുക്ക് 2025’ ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. കൃഷ്ണ ശങ്കറാണ് ചിത്രത്തിൽ ദുർഗയുടെ നായികയായി എത്തുന്നത്. അള്ള രാമേന്ദ്രന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. ദുർഗ നായികയായി എത്തിയ ‘ഉടൽ’ എന്ന സിനിമ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയിരുന്നു. ഉടൽ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. അതിന് മറുപടി പറയുകയാണ് താരം. കുടുക്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് അഭിമുഖം നൽകിയപ്പോഴാണ് ദുർഗ ഇതിനെക്കുറിച്ച് പറഞ്ഞത്.
കഴിഞ്ഞവർഷം കുടുക്കിലെ ഒരു ഗാനം റിലീസ് ചെയ്ത അന്നുമുതലാണ് സ്ലട്ട് ഷെയിമുകൾ വന്നു തുടങ്ങിയതെന്നും അന്നുതൊട്ട് ഇന്നുവരെ അവരത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും ദുർഗ പറഞ്ഞു. സ്ലട്ട് ഷെയിമിങ്ങ് ചെയ്യുന്നവരുടെ ജോലി അത് തന്നെയാണെന്നും അവരത് ചെയ്യട്ടെയെന്നും താൻ വേറെ സിനിമകൾ ചെയ്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും ദുർഗ വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യുമെന്നും ദുർഗ പറഞ്ഞു.
സിനിമ സിനിമയായിട്ടാണ് കാണേണ്ടത്. ഒരു ഫൈറ്റ് രംഗം അല്ലെങ്കിൽ ഒരു ഇമോഷണൽ രംഗം അല്ലെങ്കിൽ അതുപോലെ മറ്റേത് രംഗം പോലെ തന്നെയാണ് ഇന്റിമേറ്റ് രംഗങ്ങളെന്നും താരം പറയുന്നു. ഇത്തരം രംഗങ്ങളെ വേർതിരിച്ച് കാണേണ്ടതില്ല. താനൊരു കലാകാരിയാണെന്നും പല വേഷങ്ങളും പല രീതിയിലും ചെയ്യേണ്ടി വരുമെന്നും അവർ പറഞ്ഞു. ഉടലിൽ സിനിമയ്ക്ക് വളരെ ആവശ്യമുള്ളത് ആയിരുന്നു ആ ഇന്റിമേറ്റ് സീനെന്നും തന്റെ ഇഷ്ടം പോലെ അത് തിരുത്താൻ സാധിക്കില്ലെന്നും ദുർഗ പറഞ്ഞു. കുടുക്കിൽ റാം മോഹൻ, സ്വാസിക, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സംസ്ഥാന അവാർഡ് നേടിയ കിരൺ ദാസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്.