ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ഉടൽ’. രതീഷ് രഘുനന്ദനൻ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം തിയറ്ററുകളിൽ എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡാർക് ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിച്ച് കാണാവുന്ന പടമാണ് ഉടൽ. ചിത്രത്തിലെ ഒരു ഇന്റിമേറ്റ് സീൻ സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ചർച്ചയായിരുന്നു. ഈ രംഗത്തെക്കുറിച്ചും സിനിമയിൽ രംഗം ചിത്രീകരിച്ചതിന്റെ ആവശ്യകതയെക്കുറിച്ചും മനസു തുറക്കുകയാണ് നായിക ദുർഗ കൃഷ്ണ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുർഗ കൃഷ്ണ ഇതിനെക്കുറിച്ച് മനസ് തുറന്നത്.
ചിത്രത്തിലെ ഇന്റിമേറ്റ് സീൻ സിനിമയിലെ പ്രധാനഘടകങ്ങളിൽ ഒന്നാണെന്ന് ദുർഗ കൃഷ്ണ പറഞ്ഞു. ചിത്രത്തിൽ ഈ സീൻ ഉൾപ്പെടുത്തിയത് സിനിമയെ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ലെന്നും കഥയ്ക്ക് അത്രമാത്രം അത്യാവശ്യമായതു കൊണ്ടാണെന്നും ദുർഗ പറഞ്ഞു. ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും ഈ ഒരു സീനിന്റെ പേരിൽ വേണ്ടെന്നു വെയ്ക്കാൻ കഴിയില്ലെന്നും ലൊക്കേഷനിൽ മോണിറ്ററിനു മുന്നിൽ ഭർത്താവും ഉണ്ടായിരുന്നെന്നും ദുർഗ പറഞ്ഞു. മുൻപ് ഒരു സിനിമയിൽ പാട്ട് സീനിൽ ലിപ് ലോക്ക് ചെയ്തതിന് ഭർത്താവിന് നേരെ വിമർശനം ഉയർന്നിരുന്നെന്നും ദുർഗ പറഞ്ഞു.
സിനിമയിൽ ചുംബനരംഗങ്ങൾ വരുമ്പോൾ നായികയെ മാത്രം വിമർശിക്കുന്ന രീതി ശരിയല്ലെന്നും ലിപ് ലോക്ക് ചെയ്യുന്ന നായികയ്ക്കു നേരെ വിമർശനം ഉയരുന്നത് നിർഭാഗ്യകരമാണെന്നും ദുർഗ പറഞ്ഞു. ലിപ് ലോക്ക് രംഗങ്ങൾ വരുമ്പോൾ വിമർശനം എപ്പോഴും നായികയ്ക്കും നായികയുടെ കുടുംബത്തിനുമാണ്. മറുവശത്തുള്ള ആളുടെ പ്രകടനത്തെ ആരും വിമർശനാത്മകമായി കാണുന്നില്ലെന്നും ദുർഗ പറഞ്ഞു. വിവാഹശേഷം ദുർഗ അഭിനയിക്കുന്ന ചിത്രമാണ് ഉടൽ. ഉടലിലെ ഷൈനി എന്ന കഥാപാത്രമായാണ് ദുർഗ എത്തുന്നത്. ദുർഗയുടെ സിനിമ കരിയറിലെ ആദ്യ ത്രില്ലർ സിനിമ കൂടിയാണ് ഉടൽ. സിനിമയിലെ ആക്ഷൻ രംഗങ്ങൾ സ്വന്തമായിട്ടാണ് ചെയ്തതെന്നും തലയ്ക്ക് അടിയേറ്റ് ബോധം പോയ സംഭവം വരെ ഉണ്ടായെന്നും ദുർഗ പറഞ്ഞു. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുമായിട്ടായിരുന്നു ഫൈറ്റ് കൂടുതലെന്നും ദുർഗ പറഞ്ഞു.