മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലര്‍ ചിത്രം എന്ന ലേബലിലെത്തിയ എസ്കേപ്പ് പ്രദര്‍ശനത്തിനെത്തി. നവാഗതനായ സര്‍ഷിക്ക് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്. ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സര്‍ഷിക്ക് റോഷനാണ്.
ചിത്രം കണ്ട ശേഷം സൂപ്പര്‍ എന്നായിരുന്നു ഗായത്രിയുടെ പ്രതികരണം. ചിത്രം കണ്ടവരും മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗായത്രി പറഞ്ഞു. അതേസമയം, കാര്യമായ പ്രതികരണം പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ചിലര്‍ കുഴപ്പമില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ കാര്യമായി ഒന്നും പറഞ്ഞില്ല. ചിലരുടെ മുഖത്തു നിന്നും സിനിമയുടെ റിവ്യൂ വായിച്ചെടുക്കാം.
ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തുന്നത് ഗായത്രി സുരേഷ് ആണ്. ചിത്രത്തില്‍ ഗായത്രി സുരേഷ് ജാസി ഗിഫ്റ്റിനൊപ്പം പാടിയ ഗാനം നേരത്തേ ശ്രദ്ധേയമായിരുന്നു. അരുണ്‍ കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, നന്ദന് ഉണ്ണി, രമാ ദേവി, വിനോദ് കോവൂര്‍, ബാലന് പാറക്കല്‍, ദിനേശ് പണിക്കര്‍, രമേശ് വലിയശാല, സുധി കൊല്ലം, കൊല്ലം ഷാഫി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.