മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ മികച്ച പ്രകടനം നടത്തിയവരാണ് സഹതാരങ്ങളും. റോഷാക്കിലെ തന്റെ കഥാപാത്രത്തക്കുറിച്ച് കേട്ടപ്പോൾ ആദ്യം ഞെട്ടിപ്പോയെന്ന് വ്യക്തമാക്കുകയാണ് നടി ഗ്രേസ് ആന്റണി. ഇങ്ങനെയൊക്കെ ശരിക്കും ചെയ്യണമോയെന്ന് സംവിധായകൻ നിസാം ബഷീറിനോട് ചോദിച്ചിരുന്നെന്നും ഗ്രേസ് വ്യക്തമാക്കുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഗ്രേസ് ആന്റണി റോഷാക്കിലെ കഥാപാത്രത്തെക്കുറിച്ച് മനസ് തുറന്നത്.മമ്മൂട്ടി, ജഗദീഷ്, കോട്ടയം നസീർ എന്നിവരും ഗ്രേസിനൊപ്പം അഭിമുഖത്തിന് എത്തിയിരുന്നു.
ഇങ്ങനത്തെ ഒരു കഥാപാത്രം വന്നപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നും സംവിധായകനോട് ശരിക്കും ഇങ്ങനൊക്കെ ചെയ്യണമോയെന്ന് ചോദിച്ചതായും ഗ്രേസ് ആന്റണി പറഞ്ഞു. ചെയ്യണമെന്ന് ആയിരുന്നു തന്നോട് പറഞ്ഞത്. കഥാപാത്രത്തെപ്പറ്റി തനിക്ക് കൃത്യമായ വിഷനുണ്ടായിരുന്നു എന്നും ലൂക്കിനോട് ഇങ്ങനെ സംസാരിക്കണം ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കൃത്യമായി പറഞ്ഞുതന്നെന്നും ഗ്രേസ് പറഞ്ഞു.
അതേസമയം, റോഷാക്കിലെ കഥാപാത്രത്തേക്കാൾ കൂടുതൽ സന്തോഷം തോന്നിയത് സെറ്റിൽ വെച്ച് മമ്മൂട്ടിയുടെ ചോദ്യം കേട്ടപ്പോഴാണെന്ന് കോട്ടയം നസീർ പറഞ്ഞു. സെറ്റിൽ വെച്ച് രണ്ടു ചോദ്യമാണ് മമ്മൂട്ടി തന്നോട് ചോദിച്ചത്. ഈ റോൾ കിട്ടാൻ വേണ്ടി സംവിധായകന് എന്താണ് കൊടുത്തതെന്നും, നിന്റെ കഥാപാത്രം എനിക്ക് ചെയ്താൽ കൊള്ളാമെന്ന് തോന്നിയെന്നും ആയിരുന്നു അത്. മമ്മൂട്ടി അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ ഈ കഥാപാത്രത്തെ കിട്ടിയതിൽ തനിക്ക് വളരെ സന്തോഷം തോന്നിയെന്നും കോട്ടയം നസീർ വ്യക്തമാക്കി. കുറച്ച് വ്യത്യസ്തമായ കഥാപാത്രങ്ങൾ മമ്മൂട്ടിയുടെ സിനിമയിലാണെന്നും റോഷാക്കിലും സീരീയസ് ആയിട്ടുള്ള കഥാപാത്രമാണെന്നും കോട്ടയം നസീർ വ്യക്തമാക്കി.