തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിയുടെ പ്രീ റിലീസ് ചടങ്ങില്‍ തിളങ്ങി നടി ഹണി റോസ്. പരിപാടിക്കിടെ തെലുങ്കില്‍ പ്രസംഗിക്കുന്ന ഹണി റോസിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി ആരാധകരാണ് ഹണി റോസിന് കയ്യടിച്ച് രംഗത്തെത്തിയത്. തെലുങ്ക് നടിമാര്‍ പോലും ഇങ്ങനെ സംസാരിക്കില്ലെന്നും നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ഒരു ആരാധകന് കുറിച്ചത്.
നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ‘വീരസിംഹ റെഡ്ഡി’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നന്ദമുറി ബാലകൃഷ്ണ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞുനില്ക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ഹണി റോസിന് പുറമേ മലയാളത്തില്‍ നിന്ന് നടന് ലാലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നുണ്ട്. വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. റിഷി പഞ്ചാബിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് എഡിറ്റര്‍. രവി തേജ നായകനായ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ഗോപിചന്ദ് മലിനേനി. വീരസിംഹ റെഡ്ഡി ജനുവരി 12ന് തീയറ്ററുകളില്‍ എത്തും.