ആദ്യസിനിമയിലൂടെ തന്നെ മലയാളി സിനിമാപ്രേമികളുടെ മനസിൽ ഇടം സ്വന്തമാക്കിയ നടിയാണ് ഹണി റോസ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ ഇഷ്ടനടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം. 2005. പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും അനൂപ് മേനോൻ നായകനായ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയത്തിലൂടെ അഭിനേത്രി എന്ന നിലയിൽ കൃത്യമായ അടയാളപ്പെടുത്തൽ നടത്താൻ ഹണി റോസിന് കഴിഞ്ഞു.
മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. 2008ൽ സൗണ്ട് ഓഫ് ബുട്ട് എന്ന സിനിമ ചെയ്ത് ഹണിറോസ് തിരികെ മലയാളത്തിലേക്ക് എത്തി. 2011ൽ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയുടെ ഭാഗമായി. ചെറിയ പ്രായത്തിൽ തന്നെ തന്റെ അഭിനയജീവിതം ആരംഭിച്ച ഹണി റോസ് 31 വയസായപ്പോഴേക്കും മലയാളത്തിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നഡ സിനിമാരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
തൊടുപുഴയ്ക്ക് അടുത്ത് ഒരു സീറോ മലബാർ കുടുംബത്തിൽ ജനിച്ച ഹണി റോസ് ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. അതേസമയം, അഭിനയത്തേക്കാൾ തന്റെ ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് ഹണി. വിവാഹം കഴിക്കില്ലെന്നാണ് ഹണി പറയുന്നത്. അതേസമയം, തനിക്ക് ഷോപ്പിങ്ങ് ഭയങ്കര ഇഷ്ടമാണെന്നും താരം വ്യക്തമാക്കുന്നു. പർദ്ദ ധരിച്ച് ലുലുമാളിൽ കറങ്ങാൻ പോകാറുണ്ടെന്നും താരം വ്യക്തമാക്കി. ഒരിക്കൽ ഷോപ്പിങ്ങിന് പോയപ്പോൾ എതിരെ വന്ന ചേട്ടൻ അസ്സലാമും അലൈക്കും പറഞ്ഞിട്ട് പോയെന്നും ഒരു നിമിഷം താൻ സ്റ്റക്ക് ആയി പോയെന്നും ഹണി പറഞ്ഞു. അവസാനം താങ്ക്യു എന്ന് പറഞ്ഞാണ് അവിടുന്ന് രക്ഷപ്പെട്ടത്. മനസ് സന്തോഷത്തോടെ വെച്ചാൽ തന്നെ മുഖത്തിന് മാറ്റം വരുമെന്നും നന്നായി ഭക്ഷണം കഴിച്ച് വെള്ളം കുടിച്ചാൽ സൗന്ദര്യം നിലനിർത്താമെന്നും ഹണി റോസ് വ്യക്തമാക്കുന്നു.