‘തലൈവി’യുടെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡിന് ക്ഷണിച്ച പ്രമുഖ മാഗസിനെതിരെ കേസ് കൊടുക്കാന്‍ കങ്കണ റണൗട്ട്. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ഫിലിം അവാര്ഡുകള്ക്കെതിരെയും നടി രംഗത്തെത്തി. മികച്ച നടിക്കായി തന്റെ പേര് നോമിനേറ്റ് ചെയ്തപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്നും ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തന്റെ അന്തസിനേയും ജോലിയിലെ ധാര്‍മ്മികതെയും ബാധിക്കുമെന്നും കങ്കണ പറഞ്ഞു.
മികച്ച നടിക്കായുള്ള നോമിനേഷനിലാണ് കങ്കണ ഇടം നേടിയത്. കങ്കണയെ കൂടാതെ കിയാര അദ്വാനി, കൃതി സനോണ്‍, പരിണിതി ചോപ്ര, താപ്സി പന്നു, വിദ്യാ ബാലന് എന്നിവരും ലിസ്റ്റില്‍ ഉണ്ട്. കൃത്യമായി വിലയിരുത്താതെയാണ് തന്നെ അവാര്‍ഡിന് പരിഗണിച്ചതെന്നാണ് കങ്കണ പറയുന്നത്.
ഫിലിം ഫെയര്‍ അവാര്‍ഡിന് പുറമെ ഓസ്കര് ആവാര്‍ഡിന് എതിരെയും എമ്മിസ് അവാര്‍ഡിന് എതിരെയും കങ്കണ സംസാരിച്ചു. ഗായിക ലത മങ്കേഷ്കറിന് ബഹുമതി നല്‍കിയില്ലെന്ന് കങ്കണ ആരോപിച്ചു. അന്താരാഷ്ട്രമെന്നു അവകാശപ്പെടുന്ന പ്രാദേശിക പുരസ്കാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും ആഗോള അവാര്‍ഡുകളെന്ന് അവകാശപ്പെടുന്ന ഈ പക്ഷപാതപരമായ പ്രാദേശിക പരിപാടികള്‍ പൂര്‍ണ്ണമായും ബഹിഷ്കരിക്കമെന്നും കങ്കണ പറഞ്ഞു.