കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി നടി കരിഷ്മ തന്ന. തെരുവ് നായ വിഷയത്തിലാണ് നടിയുടെ പ്രതികരണം. കേരളത്തെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്കരിക്കണമെന്നും കേരള ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നാണ് കരീഷ്മ തന്നയുടെ ആഹ്വാനം. ദൈവത്തിന്റെ സ്വന്തം നാട് നായ്ക്കളുടെ നരകമായെന്നും കരിഷ്മ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിട്ടുണ്ട്.
ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും ടിവി ഷോകളിലും സജീവമായ നടിയും മോഡലും അവതാരകയുമാണ് കരിഷ്മ തന്ന. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയിലും അവര്‍ ശ്രദ്ധേയയാണ്. ഗ്രാന്‍ഡ് മസ്തി, സജ്ഞു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ നായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്തു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനും കെഎല്‍ രാഹുലും കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.