അന്തരിച്ച നടന് ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തി നടി കാവ്യാ മാധവന്. ദീലീപിനൊപ്പമെത്തിയാണ് കാവ്യ ഇന്നസെന്റിനെ കണ്ടത്. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച പ്രിയ ഇന്നച്ചന്റെ ചലനമറ്റ ശരീരം കാവ്യയെ വേദനിപ്പിച്ചു. സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ കാവ്യയെ ദിലീപ് ചേര്‍ത്തുപിടിച്ചു. ഇന്നലെ കടവന്ത്രയില്‍ പൊതുദര്ശനത്തിനുവച്ചതു മുതല്‍ ദിലീപ് ഇന്നസെന്റിനൊപ്പമുണ്ടായിരുന്നു.
അതേസമയം, ഇന്നസെന്റിന്റെ സംസ്കാരം വന്‍ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു. വീട്ടിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ട് പോയത്. സിനിമാ, രാഷ്ട്രീയ സാംസ്കാരിക ലോകത്തെ പ്രമുഖരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും വീട്ടിലുമെത്തി ആയിരക്കണക്കിനാളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി നേര്‍ന്നത്. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ പ്രിയപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ്, വിനീത്, ദുല്‍ഖര്‍ സല്മാന്, സായി കുമാര്‍, ബിന്ദു പണിക്കര്‍ സംവിധായകന്മാരായ, ജോഷി, സിബി മലയില്‍ തുടങ്ങി നിരവധി പേര് താരത്തെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തി.