ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് താന്‍ മരിച്ചിട്ടില്ലെന്ന് ബോധിപ്പിക്കേണ്ടിവരിക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തില്‍ ഒരു പ്രശ്നത്തില്‍പ്പെട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി കൊളപ്പുള്ളി ലീല. ഒരു ഓണ്‍ലൈന്‍ ചാനല്‍ നല്കിയ വിഡിയോയാണ് കുളപ്പുള്ളി ലീലയ്ക്ക് വിനയായത്. വിഡിയോ കണ്ട് നിരവധി പേരാണ് താരത്തെ വിളിക്കുന്നത്.
”തീരാദുഃഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല’ എന്നാണ് വിഡിയോക്ക് നല്കിയ തലക്കെട്ട്. നാല്പ്പത്തിയെണ്ണായിരത്തിലധികം പേര് ഈ വിഡിയോ കണ്ടു. തുടര്‍ന്ന് വന്നത് നിര്‍ത്താതെയുള്ള ഫോണ്‍ കോളുകള്‍. വിഡിയോ വൈറലാകുന്നതിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് കഷ്ടമാണെന്ന് കുളപ്പുള്ളി ലീല പറയുന്നു. ആ വിഡിയോ കണ്ട് ഒരുപാട് പേര് കാണുകയും സത്യാവസ്ഥ അറിയാന്‍ വിളിക്കുകയും ചെയ്തു. തന്റെ നാട്ടില്‍ നിന്നൊക്കെ ആളുകള്‍ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് മടുത്തു. ഈ തെണ്ടിത്തരം ഇനി കാണിക്കരുതെന്നും കുളപ്പുള്ളി ലീല പറഞ്ഞു.
പൊലീസില്‍ പരാതി നല്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പറയാനുള്ളത് ഒരു വിഡിയോയിലൂടെ പറയാനാണ് തീരുമാനം. ആളെ കൂട്ടാന്‍ കാശുണ്ടാക്കണമെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാമെന്നും ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.