തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന വാര്‍ത്ത തെറ്റെന്ന് നടി ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചത്. ഇത്തരം വാര്‍ത്തകള്‍ നല്കുമ്പോള് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ഖുശ്ബു പറഞ്ഞു.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവിന് കൊവിഡ് ബാധിച്ചത്. കൊവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ നിലവില്‍ സാഗര്‍ കൊവിഡ് ബാധിതനല്ല. കൊവിഡ് ബാധിച്ചാണ് സാഗര്‍ നമ്മെ വിട്ടുപോയതെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുതെന്ന് അപേക്ഷിക്കുകയാണ്. നമ്മള് ജാഗ്രത പാലിക്കുക തന്നെ വേണം. പക്ഷേ അത് തെറ്റായ സന്ദേശം പകര്ന്നുകൊണ്ടാകരുതെന്നും ഖുശ്ബു പറഞ്ഞു.
മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കുറച്ചു നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം മാറ്റിവയ്ക്കണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ ലഭിക്കാത്തതിനാല്‍ നീണ്ടുപോകുകയായിരുന്നു.