ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ വീട്ടകങ്ങളിലേക്ക് ഒരു വീടും പതിനേഴു പേരും വീണ്ടും എത്തിയിരിക്കുകയാണ്. അതെ ബിഗ് ബോസ് സീസൺ ഫോർ ഏറെ പുതുമകളോടെ ആരംഭിച്ചിരിക്കുകയാണ്. പതിവിനു വിപരീതമായി ഇത്തവണ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളുടെ ഒരു വാർത്താസമ്മേളനം നടന്നിരുന്നു. ഈ വാർത്താസമ്മേളനത്തിൽ ഓരോ മത്സരാർത്ഥിയും അവരവരെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. അത്തരത്തിൽ പറയുന്നതിനിടയിലാണ് നിലപാടുകൾ തുറന്നുപറയുന്ന സമയത്ത് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നടി ലക്ഷ്മിപ്രിയ വ്യക്തമാക്കിയത്. മിക്കപ്പോഴും സോഷ്യൽ മീഡിയയിലൂടെ വിവിധ വിഷയങ്ങളിൽ തന്റെ അഭിപ്രായവും നിലപാടും വ്യക്തമാക്കുന്ന വ്യക്തിയാണ് ലക്ഷ്മിപ്രിയ. താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്.
നാടകവേദിയിലൂടെ ടെലിവിഷനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ താരമാണ് ലക്ഷ്മിപ്രിയ. ഇപ്പോൾ ഇതാ ബിഗ് ബോസ് നാലാം സീസണിന്റെ വേദിയിലും ലക്ഷ്മി പ്രിയ എത്തി നിൽക്കുകയാണ്. താൻ നേരിട്ടുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് നടി തുറന്നു പറഞ്ഞിരിക്കുകയാണ് ബിഗ് ബോസ് ഹൗസിൽ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ട് നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു ലക്ഷ്മിപ്രിയ തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. വാർത്താസമ്മേളനത്തിൽ ലക്ഷ്മി പ്രിയ പറഞ്ഞത് ഇങ്ങനെ, ‘ഞാൻ ഇതിനെ കുറച്ചുകൂടെ വലിയ അവസരമായി കാണുന്നു. കാരണം, പല എഴുത്തിലൂടെയും പല നിലപാടുകള്‍ തുറന്ന് പറഞ്ഞതിലൂടെയും ഒരുപാട് സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നു. എന്നെ പോലെ ഈ സിനിമ മേഖലയില്‍ അല്ലെങ്കില്‍ ടെലിവിഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഒരാളെന്ന് പറയുമ്പോള്‍ പ്രതികരിക്കുന്നതിന് ഒരു പരിമിതിയുണ്ടാകാം. അവരുടെ ജോലി, ഇവിടെ നിലനിന്ന് പോകേണ്ട ആളുകളാണ്… ഇങ്ങനെയൊക്കെ പറയാമോ എഴുതാമോ എന്നൊക്കെയുണ്ടാകും.’
‘പക്ഷേ ചില ചില കാര്യങ്ങള്‍ കണ്ട് കഴിയുമ്പോള്‍ നമ്മളൊരു സാധാരണ വ്യക്തിയായിട്ട് പല കാര്യങ്ങളിലും തുറന്ന് പ്രതികരിക്കേണ്ടതായി വന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഞാന്‍ മേടിച്ച് കൂട്ടുന്നതിനൊന്നും കയ്യും കണക്കുമില്ല. പക്ഷേ എന്തു കൊണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ സംസാരിക്കുന്നത്… എന്താണ് ഞാന്‍… എന്റെ നിലപാടുകള്‍ എന്തുകൊണ്ടാണ്.. ഇവരൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. എന്തിനെയെങ്കിലും ഒക്കെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമ്മള് മറ്റതിനൊക്കെ എതിരാണെന്ന് പറയുന്ന ഒരു കാര്യമുണ്ട്. എപ്പോഴും അങ്ങനെയാണല്ലോ.. നമ്മള് ഇതിനോട് ചേരുമ്പോള്‍ മറ്റതിനൊക്കെ ഈ സ്ത്രീ എതിരാണെന്ന് വിചാരിക്കും. അതുകൊണ്ട് അതിനെയൊക്കെ മാറ്റാന്‍ കിട്ടുന്ന വലിയ അവസരമായാണ് ബിഗ് ബോസിനെ ഞാൻ കാണുന്നത്.’ – കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിൽ വിഷമമുണ്ട് പക്ഷേ ജോലി ചെയ്യുന്നത് മക്കൾക്ക് കൂടെ വേണ്ടിയിട്ടാണ്. ആ ഒരു ചിന്തയിൽ അങ്ങ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.