മലയാളത്തിലെ പ്രമുഖ നടിമാരിലൊരാളാണ് ലളിതശ്രീ. ഒരുകാലത്ത് പഴയകാല ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. ഇതുവരെ 450ലധികം സിനിമകളില്‍ ലളിത ശ്രീ വേഷമിട്ടു. ഇപ്പോഴിതാ അന്തരിച്ച അഭിനയപ്രതിഭ കെപിഎസി ലളിതയെ അനുസ്മരിക്കുകയാണ് ലളിത ശ്രീ. അവസാനം അഭിനയിച്ച ചിത്രത്തില്‍ കെപിഎസി ലളിതയ്ക്കായി ഡബ്ബ് ചെയ്ത അനുഭവമാണ് നടി പറയുന്നത്.
ഒരിക്കല്‍ ഒരു തമിഴ് പ്രൊഡക്ഷന്‍ കമ്പനിയില്‍ തന്നെ ഒരു ജോലിക്ക് വിളിച്ചു. കൊറോണയായതുകൊണ്ട് പോയില്ല. കുറച്ചു ദിവസം കഴിഞ്ഞ് ഭാഗ്യലക്ഷ്മി തന്നെ വിളിച്ചു. വിശേഷങ്ങള്‍ ചോദിക്കാനെന്ന ഭാവേന വിളിച്ച ഭാഗ്യലക്ഷ്മി ഒടുവില്‍ കാര്യം പറഞ്ഞു. ഉര്‍വശിക്ക് ചേച്ചിയുടെ നമ്പര്‍ കൊടുക്കുമെന്നും അവള് വിളിക്കുമെന്നും പറഞ്ഞു. ഒരു കാര്യം ആവശ്യപ്പെടാനാണ് ഉര്‍വശി വിളിക്കുന്നത്. അത് ചെയ്തുകൊടുക്കണമെന്നും പറഞ്ഞു.
പിറ്റേദിവസം ഉര്‍വശി വിളിച്ചു. തമിഴ്സിനിമയില്‍ ഈയിടെ ഒരു വേഷം ചെയ്തുവെന്നും അതില്‍ തന്റെ അമ്മായിയമ്മയുടെ വേഷം ചെയ്തത് ലളിത ചേച്ചിയാണെന്നും പറഞ്ഞു. ലളിത ചേച്ചിക്ക് വേണ്ടി ഡബ്ബ് ചെയ്യാനാണ് ഉര്‍വശി വിളിച്ചത്. അത് ശരിയാവില്ലെന്ന് പറഞ്ഞെങ്കിലും ഉര്‍വശിയും കലാരഞ്ജിനിയും ഒരേ നിര്‍ബന്ധം. അങ്ങനെ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആ മഹാ പ്രതിഭയുടെ അവസാന ചിത്രത്തില്‍ അവരുടെ ശബ്ദമായി മാറി. ഒരിക്കലും മറക്കാനാവാത്ത ഓര്മയാണതെന്നും ലളിത ശ്രീ പറഞ്ഞു.