സിനിമാപ്രേമികൾ വളരെ താൽപര്യത്തോടെ ശ്രദ്ധിക്കുന്ന കുടുംബവിശേഷങ്ങളിൽ ഒന്നാണ് സംവിധായകൻ പ്രിയദർശന്റേത്. കഴിഞ്ഞയിടെയാണ് പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ദാർത്ഥ് വിവാഹിതനായത്. അമേരിക്കക്കാരിയായ മെലനിയാണ് സിദ്ദാർത്ഥിന്റെ ഭാര്യ. ഇരുവരുടെയും ഒരുമിച്ചുള്ള ആദ്യത്തെ വിഷു ആയിരുന്നു കടന്നു പോയത്.
തന്റെ അമേരിക്കക്കാരിയായ മരുമകളുടെ ആദ്യ വിഷു വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലിസി പ്രിയദർശൻ. ‘എന്റെ മരുമകളുടെ ആദ്യത്തെ വിഷു’ എന്ന കുറിപ്പോടെയാണ് ലിസി ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.
‘എന്റെ മരുമകളുടെ ആദ്യത്തെ വിഷു!! മെലനി (ഞങ്ങൾ സ്നേഹത്തോടെ മെൽ എന്ന് വിളിക്കും) അമേരിക്കക്കാരിയാണെങ്കിലും നമ്മുടെ സദ്യയും പായസവുമൊക്കെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്’ – എന്നാണ് ചിത്രങ്ങൾക്കൊപ്പം ലിസി കുറിച്ചത്. അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ്സ് പ്രൊഡ്യൂസറുമാണ് മെലനി. സിദ്ദാർത്ഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തി പ്രിയൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. മരക്കാറിലൂടെ സിദ്ദാർത്ഥ് ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.