നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നടി മാല പാര്‍വതി. സംഘടനയിലെ പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു. കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതിനാലാണ് രാജി സമര്‍പ്പിക്കുന്നതെന്നും മാല പാര്‍വതി പറഞ്ഞു.
ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ കൃത്യമായ നിയമം പാലിക്കാനും സ്ത്രീകളില്‍ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാനും സാധിച്ചു. ഒരു പരാതി പരിഹാര സമിതി എന്ന രീതിയില്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം തടയുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയും കൂടെയാണ് സമിതി എന്നും മാല പാര്‍വതി അറിയിച്ചു.
ഏപ്രില്‍ 27ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇതാണ് അട്ടിമറിക്കപ്പെട്ടത്. തനിക്ക് ഐസി കമ്മിറ്റിയില്‍ ഇരിക്കാന്‍ സാധിക്കില്ല. ഐസി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളും വെള്ളം ചേര്‍ക്കപ്പെടുന്നു എന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.