മലയാളസിനിമയിലെ ശക്തയായ, തമാശക്കാരിയായ അമ്മയാണ് മല്ലിക സുകുമാരൻ എന്ന് പറഞ്ഞാലും തെറ്റ് പറയാൻ കഴിയില്ല. കാരണം മക്കൾ രണ്ടും പേരും തങ്ങളുടെ ഇടങ്ങൾ മലയാള സിനിമാലോകത്ത് ഉറപ്പിച്ചു കഴിഞ്ഞപ്പോഴും വിശേഷങ്ങൾ പറഞ്ഞും കൂടുതൽ സ്റ്റൈലായും സിനിമയിൽ സജീവമായിരിക്കുകയാണ് താരം. കഴിഞ്ഞയിടെ മല്ലിക സുകുമാരൻ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ട്രോളുകൾക്ക് ആധാരമായ ലംബോർഗിനിയെക്കുറിച്ച് ചോദിച്ചപ്പോൾ ലംബോർഗിനിയിൽ കയറാനാണ് തനിക്ക് ഏറ്റവും ബുദ്ധിമുട്ടെന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ.
ആഡംബരക്കാറുകളോടും ബൈക്കുകളോടുമൊക്കെ ഏറെ താൽപര്യമുള്ള വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. ലംബോർഗിനി, റേഞ്ച് റോവർ, ബി എം ഡബ്ല്യൂ, മിനി കൂപ്പർ എന്നിങ്ങനെ ആഡംബര കാറുകളുടെ ഒരു വലിയ ശേഖരം തന്നെ പൃഥ്വിരാജിനുണ്ട്. സുകുമാരന്റെ വണ്ടികളോടുള്ള പ്രേമമാണ് പൃഥ്വിരാജിന് അതുപോലെ ലഭിച്ചിരിക്കുന്നത് എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. പൃഥ്വിയുടെ കാറുകളിൽ ലംബോർഗിനിയിൽ കയറാനാണ് തനിക്കേറെ ബുദ്ധിമുട്ട് എന്നും പറയുകയാണ് മല്ലിക സുകുമാരൻ. ‘മോനേ, ഇതിൽ മാത്രം കയറാൻ എന്നോട് പറയരുത്. സ്പോർട്സ് കാറു പോലെയാണ്. അതിൽ നിന്നിറങ്ങണമെങ്കിൽ തൂങ്ങിപ്പിടിച്ച് പുറത്തേക്ക് കാലുവെച്ച് ഇറങ്ങണം. ഞങ്ങളെപ്പോലുള്ളവർക്ക് പറ്റുന്ന വാഹനമല്ല.’ – മല്ലിക സുകുമാരൻ പറഞ്ഞു.
റേഞ്ച് റോവറാണ് പൃഥ്വിയുടെ കാറുകളിൽ തനിക്കേറ്റവും ഇഷ്ടമെന്നും മല്ലിത സുകുമാരൻ പറയുന്നു. പൃഥ്വിരാജ് സ്പീഡിൽ വണ്ടിയോടിക്കുമ്പോൾ ഇന്ദ്രജിത്ത് വളരെ സൂക്ഷിച്ചാണ് വണ്ടിയോടിക്കുകയെന്നും അതുകൊണ്ടു തന്നെ ഇന്ദ്രജിത്തിന്റെ ഡ്രൈവിംഗിലാണ് തനിക്ക് കൂടുതൽ കോൺഫിഡൻസെന്നും മല്ലിക പറഞ്ഞു. അഭിനയത്തിനൊപ്പം തന്നെ ഹോട്ടൽ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മല്ലിക സുകുമാരൻ 2013ലാണ് ദോഹയിൽ സ്പൈസ് ബോട്ട് എന്നൊരു റസ്റ്റോറന്റ് ആരംഭിക്കുന്നത്.