വലിയ രീതിയില്‍ ബോഡി ഷെയിമിംഗിന് ഇരയാകുന്ന നടിമാരില്‍ ഒരാളാണ് മഞ്ജിമ മോഹന്‍. അടുത്തിടെയായിരുന്നു നടന് ഗൗതം കാര്‍ത്തിക്കുമായി നടിയുടെ വിവാഹം. ഇപ്പോഴിതാ വിവാഹ ശേഷവും കടുത്ത ബോഡി ഷെയിമിംഗ് നേരിട്ടു എന്ന് പറയുകയാണ് നടി. വിവാഹ ശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് കമന്റുകളാണ് ലഭിച്ചതെന്ന് നടി പറയുന്നു.
മറ്റുള്ളവര്‍ എന്തിനാണ് തന്റെ ശരീരത്തെ പറ്റി ഇത്ര വ്യാകുലപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മഞ്ജിമ പറയുന്നു. ശരീരഭാരം കുറയ്ക്കേണ്ടി വന്നാല്‍ അത് ചെയ്യും. ഇതൊക്കെ തന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. തന്റെ ശരീരത്തില്‍ താന്‍ സന്തുഷ്ടയാണ്. ശരീരഭാരം കുറയ്ക്കണമെന്ന് തനിക്ക് തോന്നിയാല്‍ അതിന് സാധിക്കുമെന്ന് തനിക്കറിയാം. തന്റെ ജോലിയുമായി ബന്ധപ്പെട്ട് ശരീരഭാരം കുറയ്ക്കേണ്ടി വന്നാല്‍ താന്‍ അത് ചെയ്യും. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും മഞ്ജിമ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 28-നാണ് മഞ്ജിമ മോഹനും നടന് ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. ചെന്നൈയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സംവിധായകന് മണിരത്നം, ഗൗതം മേനോന്, അഭിനേതാക്കളായ വിക്രം പ്രഭു, ആര്‍കെ സുരേഷ്, ശിവകുമാര്‍, ഐശ്വര്യ രജനികാന്ത്, അശോക് സെല്വന്, ആദി, നിക്കി ഗല്‍റാണി തുടങ്ങി നിരവധി പേര് വിവാഹത്തില്‍ പങ്കെടുത്തു.