നീണ്ട ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ നായക കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മാർച്ച് 18ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലുലുമാളിൽ എത്തിയ മഞ്ജു വാര്യർക്കും സംഘത്തിനും വൻ വരവേൽപ്പാണ് ലഭിച്ചത്. തന്റെ ഹൃദയത്തിനോട് വളരെ ചേർന്നു നിൽക്കുന്ന സിനിമയാണ് ‘ലളിതം സുന്ദരം’ എന്ന് മഞ്ജു വാര്യർ പറഞ്ഞു.
‘ചേട്ടൻ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണ്. അതിന്റെ വലിയൊരു സന്തോഷവും അഭിമാനവും എനിക്കുണ്ട്. അതുപോലെ ഞാൻ നിർമാതാവാകുന്ന ഒരു സിനിമ കൂടിയാണ്. അതിന് നിങ്ങളുടെയൊക്കെ പിന്തുണയാണ് കാരണം. അതിലും വലിയ സന്തോഷമുണ്ട്, പേടിയുമുണ്ട്. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരുപാട് അഭിനേതാക്കൾ അനു മോഹൻ, സൈജു കുറുപ്പ്, ദീപ്തി സതി, രഘുനാഥ് പാലേരി തുടങ്ങി ഒരുപാട് നല്ല അഭിനേതാക്കൾ ഈ സിനിമയിലുണ്ട്.’ – മഞ്ജു വാര്യർ പറഞ്ഞു. മഞ്ജു വാര്യർക്കൊപ്പം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരും പ്രമോഷന്റെ ഭാഗമായി എത്തി. മാർച്ച് 18 മുതൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ പ്രദർശനം ആരംഭിക്കും.
മലയാളത്തിലെ പ്രശസ്ത നിർമാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ലളിതം സുന്ദരം നിർമിച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടയിനർ ആണ് ചിത്രം. ഏഷ്യാനെറ്റ് – ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ആണ് ചിത്രം മാർച്ച് 18ന് റിലീസ് ചെയ്യുന്നത്. പ്രമോദ് മോഹൻ ആണ് ചിത്രത്തിന്റെ രചന. പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് ഛായാഗ്രഹണം. ലിജോ പോൾ ആണ് എഡിറ്റിംഗ്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്, മാസ്റ്റര്‍ അശ്വിന് വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.