നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധധരന് എതിരെ കേസെടുത്ത് പൊലീസ്. തനിക്കെതിരെ സനൽ കുമാർ ശശിധരൻ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജു വാര്യർ നൽകിയ പരാതി. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.
മഞ്ജു വാര്യരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചു കൊണ്ട് സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചിലരുടെ ജീവൻ തുലാസിലാണെന്നും ആയിരുന്നു സനൽകുമാർ ശശിധരന്റെ കുറിപ്പ്.
മെയ് ഒന്നിന് സനൽകുമാർ ശശിധരൻ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, ‘പ്രിയപ്പെട്ട മഞ്ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നു. മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക. നിങ്ങൾക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകൾക്ക് വേണ്ടിയും. ജീവിതത്തെ അഭിനയം കൊണ്ട് അതിജീവിക്കാമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ഇപ്പോഴത് സത്യമായെന്നും തോന്നുന്നു. എനിക്കിതിലപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന വേദന ബാക്കിയുണ്ടെങ്കിലും ജീവിതം എന്ന നാടകം ഇങ്ങനെയൊക്കെ ആണല്ലോ എന്ന ഒരു ചെറുപുഞ്ചിരി അതിനു മൂടിയാവുന്നു. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.’ – ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ് സനൽ കുമാർ ശശിധരന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉള്ളത്.